Site iconSite icon Janayugom Online

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: വിദേശനിക്ഷേപകര്‍ പിന്‍വാങ്ങുന്നു

അഡാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ക്ക് പിന്നാലെ വിദേശ നിക്ഷേപകർ ഇന്ത്യന്‍ വിപണിയെ കൈവിടുന്നു. ഈ മാസം ഇതുവരെ 9,600 കോടിയാണ് പുറത്തേക്കൊഴുകിയത്. ജനുവരിയിൽ 28,852 കോടിയുടെ വിദേശനിക്ഷേപം പിൻവലിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഏഴു മാസത്തിനിടയിലെ ഏറ്റവും മോശം ഒഴുക്കായിരുന്നു ജനുവരിയിലുണ്ടായത്. അഡാനി വിഷയത്തിൽ കൂടുതൽ വ്യക്തത വരുന്നതുവരെ ഈ ഒഴുക്ക് തുടരുമെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.

ഡിസംബറിൽ 11,119 കോടി രൂപയും നവംബറിൽ 36,238 കോടി രൂപയുമായിരുന്നു വിദേശത്തുനിന്നുള്ള അറ്റ ​​നിക്ഷേപം. ഇന്ത്യന്‍ വിപണിയുടെ നഷ്ടം തായ്‌വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ വിപണികള്‍ക്ക് നേട്ടമായും മാറുന്നുണ്ട്. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്സ് സൂചികയില്‍ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ ആറിന്റെയും മൂല്യത്തിൽ 49,231.44 കോടി രൂപയുടെ ഇടിവുണ്ടായി. അതേസമയം സെബി അഡാനി വിഷയത്തില്‍ നടത്തുന്ന അന്വേഷണം വിശ്വാസ്യത കൊണ്ടുവരുമോയെന്നും ധനകാര്യ വിദഗ്ധര്‍ക്കിടയില്‍ സംശയങ്ങളുണ്ട്. പിടിച്ചെടുക്കൽ, റെയ്ഡുകൾ, അറസ്റ്റ് എന്നിവയ്ക്കുള്ള അധികാരങ്ങളുള്ള, ഇന്ന് ലോകത്തിലെ ഏറ്റവും ശാക്തീകരിക്കപ്പെട്ട റെഗുലേറ്റർമാരിൽ ഒന്നാണ് സെബി. സംശയാസ്പദമായ വ്യാപാര പ്രവർത്തനങ്ങളും വില കൃത്രിമത്വവും തത്സമയ അടിസ്ഥാനത്തിൽ പിടികൂടാൻ ചെലവേറിയ നിരീക്ഷണ സംവിധാനവും ഇതിലുണ്ട്.

എന്നാല്‍ മതിയായ ഇടപെടല്‍ സെബിയില്‍ നിന്നും ഉണ്ടാകുന്നില്ല. അഡാനി പ്രശ്നം കൂടാതെ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക വിവാദങ്ങളായ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ (എൻഎസ്‌ഇ) കോ-ലൊക്കേഷൻ (കോളോ) അഴിമതിയും സത്യം അഴിമതിയും നിഷ്ക്രിയമായാണ് സെബി കെെകാര്യം ചെയ്തതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2009 ജനുവരിയിലെ 9,000 കോടി രൂപയുടെ സത്യം കമ്പ്യൂട്ടർ തട്ടിപ്പ് കേസിലും സമാനമായി രീതിയില്‍ സെബി ആരോപണങ്ങള്‍ നേരിട്ടിരുന്നു.

Eng­lish Sam­mury: Hin­den­burg Report: For­eign investors withdraw

Exit mobile version