Site iconSite icon Janayugom Online

അംബേദ്കറെ കാവിയുടുപ്പിച്ചും ഭസ്മം ചാര്‍ത്തിയും ഹിന്ദുസംഘടന

ഭരണഘടനാ ശില്പിയും ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടുകയും ചെയ്ത ഡോ. ബി ആര്‍ അംബേദ്കറിന്റെ ചിത്രം കാവി ഉടുപ്പിച്ചും നെറുകയില്‍ ഭസ്മം ഇടീച്ചും സൃഷ്ടിച്ച് പോസ്റ്ററുകളാക്കി പതിച്ച് ഹിന്ദു അനുകൂല സംഘടന. ഹിന്ദു മക്കൾ കച്ചി എന്ന ഹിന്ദു അനുകൂല സംഘടനയുടെ പ്രവർത്തകർ പതിച്ച പോസ്റ്റര്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ സംഘര്‍ഷത്തിനിടയാക്കി.

അംബേദ്കറെ കാവിവൽക്കരിക്കുന്ന നടപടിയാണെന്നും നെറ്റിയിൽ ഭസ്മവും കാവി കുപ്പായവുമുള്ള അംബേദ്കറെ ചിത്രീകരിച്ച മതഭ്രാന്തന്മാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വിടുതലൈ ചിരുതൈഗൽ കച്ചിയിലെ ദളിത് നേതാവും എംപിയുമായ തിരുമാവളവന്‍ ആവശ്യപ്പെട്ടു. ചിത്രം സഹിതമുള്ള എംപിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുകയും പ്രതിഷേധം കനക്കുകയും ചെയ്തു. വിഷ്ണുവിനോടോ ബ്രഹ്മാവിനോടോ പ്രാർത്ഥിക്കാൻ വിസമ്മതിച്ച അംബേദ്കറെ കാവിവൽക്കരിക്കുകയാണെന്ന് തിരുമാവളവൻ പറഞ്ഞു.

അതേസമയം, ബോധവൽക്കരണം നടത്താനാണ് ബി ആർ അംബേദ്കറെ കാവി ധരിപ്പിച്ചതെന്ന് ഹിന്ദു മക്കൾ പാർട്ടി നേതാവ് അർജുൻ സമ്പത്ത് പറഞ്ഞതായി ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. കാവിയുടെ പ്രതീകമായ ബുദ്ധമതം സ്വീകരിച്ചതിനാൽ അംബേദ്കർ ഒരു കാവി പ്രേമിയായിരുന്നു. അംബേദ്കറെ പെരിയാരീകരിക്കാൻ ശ്രമിക്കുന്ന തിരുമാവളവനെതിരെ ബോധവൽക്കരണം നടത്താനാണ് ഞങ്ങൾ അംബേദ്കറെ കാവിവൽക്കരിച്ചതെന്നും സമ്പത്ത് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. സംഭവം വിവാദമായതോടെ പ്രദേശത്ത് വന്‍ സംഘര്‍ഷമാണ് ഉടലെടുത്തത്.

 

Eng­lish Sam­mury: pro-Hin­du group puts up ‘saf­fro­nised’ poster of BR Ambedkar

Exit mobile version