Site iconSite icon Janayugom Online

2024 ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വിജയിക്കില്ല

അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഹിന്ദുത്വയും നരേന്ദ്ര മോഡിയുടെ ഒറ്റയാള്‍പ്രകടനവും കൊണ്ട് ബിജെപിക്ക് ജയിക്കാനാകില്ലെന്ന് ആര്‍എസ്എസ്. നരേന്ദ്രമോഡി-അമിത് ഷാ സംഘത്തിനെതിരെ സംഘ്പരിവാർ നേതൃനിരയിൽ അതൃപ്തി പുകയുന്നതിനിടെ ആർഎസ്എസ് മുഖമാസികയായ ഓർഗനൈസറാണ് വിമർശനമുയര്‍ത്തിയത്. ഇത് മറികടക്കാന്‍ സാമൂഹിക മുഖംമൂടി തയ്യാറാക്കാനുള്ള ഒരുക്കങ്ങളോടെ ബിജെപി മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കും. കര്‍ണാടക, ഹിമാചല്‍ തെരഞ്ഞെടുപ്പ് പരാജയം മോഡി മാജിക് എന്ന ഉമ്മാക്കി വിലപ്പോകാതായതിന്റെ തെളിവാണ് എന്നാണ് ഓർഗനൈസർ എഡിറ്റർ പ്രഫുല്ല കേത്കർ എഴുതിയ ലേഖനത്തിൽ പറയുന്നത്. സംസ്ഥാനതലത്തിൽ സ്വാധീനം വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇനി തെരഞ്ഞെടുപ്പുകളിൽ വിജയം കാണാനാകുവെന്നും കർണാടകയിൽ അതുണ്ടായില്ലെന്നുമാണ് ആർഎസ്എസിന്റെ വിലയിരുത്തൽ. 

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തോൽവിയുണ്ടാകാമെന്ന അപകടകരമായ സാധ്യതയാണ് ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നത്. 2014ലെ വിജയത്തോടെ ആർഎസ്‌എസ് പോലും മോഡിയെ തെരഞ്ഞെടുപ്പ് പ്രതീകമായി ഉയര്‍ത്തിക്കാണിച്ചിരുന്നു. മോഡിയുടെ മുഖമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പോലും ഉപയോഗിച്ചിരുന്നത്. അതോടെ സംഘപരിവാറിന്റെ പൊതുമുഖമാണ് താനെന്ന ബോധത്തോടെ നേതൃത്വ ഘടനയെ അപ്രസക്തമാക്കുകയും രാജ്‌നാഥ് സിങ്ങിനെപ്പോലുള്ള മുതിർന്ന നേതാക്കളെപ്പോലും അവഗണിക്കുകയുമായിരുന്നു നരേന്ദ്ര മോഡി. 

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടതിന് തൊട്ടുപിന്നാലെ ബി എസ് യെദ്യൂരപ്പ ബിജെപിയെ നയിക്കുമെന്ന് പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്നാൽ 48 മണിക്കൂറിനുള്ളിൽ മോഡി സ്വയം കമാൻഡറായി രംഗത്തെത്തി. യെദ്യൂരപ്പയെ ഉയർത്തിക്കാട്ടുന്നതില്‍ അമിത് ഷായെ മോഡി വിലക്കിയെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിച്ചത്. ജയ് ബജ്റംഗ്ബലി മുദ്രാവാക്യം മുഴക്കി തീവ്രഹിന്ദുത്വം ആളിക്കത്തിച്ച് വോട്ടു തേടിയ മോഡിയെ ആർഎസ്എസ് അംഗീകരിച്ചിരുന്നു. അതേ സംഘം തന്നെയാണ് ഇപ്പോള്‍ മുന്നറിയിപ്പുമായി രംഗത്തുവന്നത്. ഒരു വർഷം മുമ്പ് ആർഎസ്എസ് ജനറൽ സെക്രട്ടറി ഹൊസബലെയും മോഡിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തിരുന്നു. പാർട്ടിയുടെ തകർച്ചയ്ക്ക് മോഡിയോടൊപ്പം ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനു കൂടി ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് ഓര്‍ഗനെെസറിലെ വിമര്‍ശനം ആര്‍എസ്എസിലെ ഭിന്നതയാണെന്നും സൂചനയുണ്ട്.
പ്രധാനമന്ത്രി എന്നനിലയില്‍ മോഡിയുടെ പ്രവർത്തനത്തെയും സമീപനത്തെയും ഭാഗവത് ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. ലൗ ജിഹാദിന്റെ വിഷം പരത്തുക, ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുക, മുസ്ലിങ്ങളെ കൊലചെയ്യുക തുടങ്ങിയ സംഭവങ്ങളെ അപലപിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

Eng­lish Summary:Hindutva will not win 2024 Lok Sab­ha elections
You may also like this video

Exit mobile version