ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ മകന്‍ അമ്മയെ കുക്കറിന്‍റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ മകനും മരുമകളുമടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. തലയ്ക്കും അടിവയറിലും പരിക്കേറ്റ രതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിൽ രതിയുടെ മകന്‍ രതിന്‍, ഭാര്യ ഐശ്വര്യ, ഭര്‍ത്താവ് ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെയാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മകന്‍ അമ്മയെ ആക്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് രതിന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. സ്വത്തുക്കള്‍ തന്റെ പേരിലേക്ക് എഴുതി നല്‍കണമെന്ന് രതിന്‍ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രതി വിസമ്മതിച്ചതോടെ കുക്കറിന്‍റെ അടപ്പുകൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ രതിയുടെ ഇളയ മകളും വീട്ടിലുണ്ടായിരുന്നു. പരിക്കേറ്റ രതിയെ അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.