Site iconSite icon Janayugom Online

രാജ്യത്ത് രണ്ട് പേര്‍ക്കുകൂടി എച്ച്എംപിവി

മഹാരാഷ്ട്രയിലും എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കേസുകളുടെ എണ്ണം ഏഴായി. നാഗ്പൂരില്‍ ഏഴ് വയസുകാരനും 13 വയസുകാരിക്കുമാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികള്‍ ആശുപത്രി വിട്ടുവെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. 

നേരത്തെ ബംഗളൂരുവിലും രണ്ടെണ്ണവും ചെന്നൈയിലും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവും വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എച്ച്എംപിവി കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ യോഗം വിളിച്ചുചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപന മേധാവികളും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാനങ്ങള്‍ നല്‍കിയ വിവരങ്ങളും, ഐസിഎംആറിന്റെ വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് അസ്വാഭാവിക രോഗ വ്യാപനം ഇല്ലെന്നാണ് വിലയിരുത്തല്‍. ബോധവല്‍ക്കരണവും, നിരീക്ഷണവും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ അറിയിച്ചു. 

Exit mobile version