Site iconSite icon Janayugom Online

മഹാരാഷ്ട്രയിലും എച്ച്എംപിവി; രാജ്യത്ത് ആക്റ്റീവ് കേസുകളുടെ എണ്ണം എട്ടായി

മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് റിപ്പോർട്ട് ചെയ്തു.നാഗ്പൂർ സ്വദേശികളായ ഏഴും പതിമൂന്നും വയസ്സുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.പനിയും കഫക്കെട്ടുമായി ആശുപത്രിയിലെത്തിയ കുട്ടികളിൽ ടെസ്റ്റ് നടത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.രാജ്യത്ത് ഇതോടെ എച്ച്എംപിവി ആക്റ്റീവ് കേസുകളുടെ എണ്ണം എട്ടായി ഉയർന്നിട്ടുണ്ട്. 

കർണാടക,തമിഴ്നാട്,ഗുജറാത്ത് എന്നിവിടങ്ങളിലാണ് മറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അതേസമയം വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ആശങ്ക വേണ്ടെന്നും ഇത് പുതിയ വൈറസല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ധ പറഞ്ഞു.ഇന്ത്യക്കാർ ഭയക്കേണ്ടതില്ലെന്നും ഏത് സാഹചര്യവും നേരിടാൻ രാജ്യത്തെ ആരോഗ്യ രംഗം സജ്ജമെന്ന് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച് അറിയിച്ചിരുന്നു.ബംഗളൂരുവിൽ എച്ച്എംപിവിയുടെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഐസിഎംആറിന്‍റെ പ്രസ്താവന വന്നത്.

എന്നാൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കുട്ടികളുടെ കുടുംബം അടുത്തിടെ വിദേശത്ത് ഉൾപ്പെടെ യാത്ര നടത്തിയിട്ടില്ല എന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്.വൈറസ് കാര്യമായി ബാധിക്കുക രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ്. പനി, തുമ്മൽ ചുമ, ജലദോഷം, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് എച്ച്എംപിവിയുടെ ലക്ഷണങ്ങൾ. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ഇല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് ഉള്ളത്.

Exit mobile version