ഹോളി ആഘോഷത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് അധ്യാപകരെ കോളജ് ഹാലിൽ പൂട്ടിയിട്ട ശേഷം വൈദ്യുതി വിച്ഛേദിച്ച് വിദ്യാർത്ഥി നേതാക്കൾ.ഇൻഡോറിലെ ഹോൾക്കർ സയൻസ് കോളജിലാണ് സംഭവം.
സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ഹോളി ആഘോഷത്തിന് അനുമതി നൽകാത്തതിനുള്ള ദേഷ്യം മൂലം വിദ്യാർത്ഥി നേതാക്കൾ അധ്യാപകരെ ഹാളിൽ പൂട്ടിയിട്ട ശേഷം വൈദ്യുതി വിച്ഛേദിക്കുകയായിരുന്നുവെന്ന് കോളജ് അധികൃതർ പറഞ്ഞു. ഏകദേശം അരമണിക്കൂറോളം അധ്യാപകർ മുറിയിൽ അകപ്പെട്ടു. അധ്യാപകരോടൊപ്പം മുറിയിൽ അകപ്പെട്ട ഒരു കോളജ് ജീവനക്കാരൻ ജനാല വഴി പുറത്ത് കടന്നാണ് മറ്റുള്ളവരെ പുറത്തെത്തിച്ചത്.
ജില്ലാ മജിസ്ട്രേറ്റ് ആഷിഷ് സിംഗ് സംഭവത്തെ അതീവ ഗുരുതരം എന്നാണ് വിശേഷിപ്പിച്ചത്. കോളജ് പ്രിൻസിപ്പൽ അനാമിക ജയിൻറെ പരാതിയിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

