Site iconSite icon Janayugom Online

ഹണി ബഞ്ചമിൻ കൊല്ലം മേയര്‍

സിപിഐ അംഗം ഹണി ബഞ്ചമിനെ കൊല്ലം കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു. ഡെപ്യൂട്ടി മേയറായി സിപിഐ (എം)ലെ എസ് ജയനും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ജില്ലാ കളക്ടർ എൻ ദേവിദാസ് മേയര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ മേയർ പ്രസന്ന ഏണസ്റ്റ് ഹണിയെ മേയർ സ്ഥാനത്തേക്ക് നിർദേശിച്ചു. മുൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു പിന്താങ്ങി. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക്​ എസ് ജയന്റെ പേര് സിപിഐ കൗൺസിലർ സജീവ്​ സോമൻ നിർദേശിച്ചു. സ്ഥിരം സമിതി അധ്യക്ഷ എസ്​ ഗീതാകുമാരി പിന്താങ്ങി. ആകെ 55 അംഗങ്ങളുള്ള കൗൺസിലിൽ 45 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ആറ് ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. 37 വോട്ടുകളാണ് ഹണിക്ക് ലഭിച്ചത്. 

യുഡിഎഫ് സ്ഥാനാർത്ഥിയും മരുത്തടി വാർഡ് കൗൺസിലറുമായ സുമി എമ്മിന് എട്ട് വോട്ടുകളാണ് ലഭിച്ചത്. സിപിഎം അംഗമായ സിന്ധുറാണി ഉൾപ്പടെ നാലംഗങ്ങൾ വ്യക്തിപരമായ അസൗകര്യം കാരണം വോട്ടെടുപ്പിൽ പങ്കെടുത്തില്ല. യുഡിഎഫ് അംഗമായ ശക്തികുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ എം പുഷ്പാംഗദന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചു. എസ് ജയന് 37 വോട്ടും പുഷ്പാംഗദന് എട്ട് വോട്ടും ലഭിച്ചു. ജില്ലാ കളക്ടർ വരണാധികാരിയായി. സിപിഐ സംസ്ഥാന കൗണ്‍സിലംഗവും മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് മെമ്പറുമായ ഹണി ബഞ്ചമിൻ ഇത് മൂന്നാം തവണയാണ് മേയറാകുന്നത്. 

Exit mobile version