Site iconSite icon Janayugom Online

ഹണിട്രാപ്പ്; മലയാളി യുവാവിനെ കുടുക്കി പണം കവർന്ന സംഘം പിടിയിൽ

ഹണിട്രാപ്പിലൂടെ മലയാളി യുവാവിനെ കുടുക്കി പണം കവർന്ന സംഘം പിടിയിൽ.  ഒരു സ്ത്രീയടക്കം ആര് പേരാണ് പിടിയിലായത്. കുന്താപുര കോടിയിൽ  അസ്മ (43), ബൈന്ദൂര്‍ സ്വദേശി സവാദ് (28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള (38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ് (36), അബ്ദുള്‍ സത്താര്‍ (23), ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ് (26) എന്നിവരാണ് അറസ്റ്റിലായത്. കാസർകോട് സ്വദേശിയായ 37 വയസ്സുകാരനെയാണ് ഇവരുടെ കെണിയിൽ അകപ്പെട്ടത്. ഇവരുടെ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുവാവ് ഫോണിലൂടെ അസ്മയുമായി പരിചയത്തിലാകുകയായിരുന്നു. തുടർന്ന് നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവാവ് പെട്രോൾ പമ്പിന് സമീപം എത്തുകയും അസ്മ ഇയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയുമായിരുന്നു. മറ്റ് പ്രതികളും അവിടെയെത്തിയിരുന്നു. വീട്ടിലെത്തിയതോടെ യുവാവിൻറെ നഗ്ന ഫോട്ടോകൾ പകർത്തിയശേഷം മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.  പണം നൽകാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ച് കൈവശമുണ്ടായിരുന്ന 6200 രൂപ കൈക്കലാക്കി. യുപിഐ വഴി അക്കൗണ്ടിലുണ്ടായിരുന്ന 30,000 രൂപയും തട്ടിയെടുത്തു. യുവാവിന്റെ കൈയിലുണ്ടായിരുന്ന  എടിഎം കാര്‍ഡ് കൈവശപ്പെടുത്തി ഇതില്‍നിന്ന് 40,000 രൂപയും പിന്‍വലിച്ചു. ഇതിനുശേഷം രാത്രിയാണ് യുവാവിനെ വിട്ടയച്ചത്. പിന്നാലെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, മര്‍ദനമേല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Exit mobile version