കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടഭാഗം തകര്‍ന്നു വീണ് അപകടമുണ്ടായതില്‍ രോഗികളെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍ . മുന്‍കൂട്ടി ഡിസ്ചാര്‍ജിന് നിശ്ചയിച്ചിരുന്ന രോഗികള്‍ക്ക് നേരത്തെ കാര്‍ഡ് നല്‍കിവിടാനാണ് നിര്‍ദ്ദേശിച്ചത്ബലക്ഷയംകാരണം അടച്ചിട്ടിരുന്ന കെട്ടിടത്തിന്റെ ഭാഗമാണ് അപകടത്തിൽപ്പെട്ടത്. ഇവിടുത്തെ ശുചിമുറി ഉപയോഗിക്കരുതെന്ന് നിർദേശിച്ചിരുന്നു. ഇതിനായി ഹെഡ്നഴ്സിനെയും ചുമതലപ്പെടുത്തിയിരുന്നു. മറ്റുകാര്യങ്ങൾ പരിശോധിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.
സംഭവത്തിൽ രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മണ്ണുമാന്തി യന്ത്രങ്ങൾ ആശുപത്രിയുടെ അകത്തെത്തിക്കാൻ പ്രയാസമുണ്ടായി. പ്രത്യേകം വഴിയുണ്ടാക്കിയ ശേഷമാണ് യന്ത്രങ്ങൾ അപകട സ്ഥലത്തേക്ക് എത്തിച്ചത്. അപകടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടറെ ചുമതലപ്പെടുത്തി. 68 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. 2013ൽ തന്നെ ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. 2016ൽ എത്തിയ എൽഡിഎഫ് സർക്കാരാണ് കെട്ടിടം പണിയാൻ പണം അനുവദിച്ചത് മന്ത്രി വീണ പറഞ്ഞു.
വ്യാഴം രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയിയുടെ പഴയ കെട്ടിടത്തിലെ 14-ാം വാർഡിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ തലയോലപ്പറമ്പ് ഉമ്മൻകുന്ന് മേപ്പത്ത്കുന്നേൽ ഡി ബിന്ദു (52) മരിച്ചു. മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. വയനാട് നേരങ്ങാടി വാഴവെറ്റപാക്കം പേരുത്താനത്ത് അലീന വിൻസെൻ്റിന് (11) പരിക്കേറ്റു. അപകട സ്ഥലത്തെത്തിയപ്പോൾ തിക്കിലും തിരക്കിലുംപെട്ട് ജീവനക്കാരനായ കോട്ടയം വില്ലൂന്നി കറുത്തേടം അമൽ പ്രദീപിനും (21) പരിക്കേറ്റു.

