Site icon Janayugom Online

രാജ്യത്ത് കുടുംബ ചെലവ് ചുരുങ്ങുന്നു; തൊഴിലില്ലായ്മ പെരുകുന്നു

മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) വളര്‍ച്ച കൈവരിക്കുന്നുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനിടെ രാജ്യത്തെ കുടുംബ ധനവിനിയോഗം താഴേക്കെന്ന് റിപ്പോര്‍ട്ട്. വരുമാന സ്രോതസുകളും തൊഴിലവസരങ്ങളും പാടെ തകര്‍ന്നനിലയില്‍ തുടരുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ജിഡിപി വളരുന്നതായി അവകാശപ്പെടുന്നത്. 2023–24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ലക്ഷ്യമിട്ട 7.8 ശതമാനമെന്ന ലക്ഷ്യത്തിനടുത്തെത്തിയ വളര്‍ച്ച 7.6 ലെത്തിയെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്രാപിക്കുന്നതായി അവകാശപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാദം തള്ളിക്കളയുന്ന വിധത്തിലാണ് കുടുംബ ധനവിനിയോഗത്തിലെ ഗണ്യമായ കുറവ് വെളിപ്പെടുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തിലെ പ്രൈവറ്റ് ഫൈനല്‍ കണ്‍സംപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ (പിഎഫ‌്സിഇ) പ്രകാരം കേവലം 3.1 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. 

പിഎഫ‌്സിഇ നിരക്ക് ആസ്പദമാക്കിയാണ് കുടുംബ ധനവിനിയോഗം, വ്യാവസായിക‑വാണിജ്യ മേഖലകളിലെ വളര്‍ച്ച എന്നിവ കണക്കാക്കുന്നത്. ജിഡിപി വളര്‍ച്ചയില്‍ 57 ശതമാനം സംഭാവന ചെയ്യുന്നത് പിഎഫ‌്സിഇയാണ്. ജനങ്ങളുടെ വാങ്ങല്‍ശേഷിയും സേവനങ്ങളുടെ വര്‍ധിച്ച ഉപഭോഗവും സാമ്പത്തിക വളര്‍ച്ചയുടെ പ്രധാനഘടകമായി വിലയിരുത്തപ്പെടുന്നു. വരുമാനവും വാങ്ങല്‍ശേഷിയുടെ ശക്തിയും പ്രതിപാദിക്കുന്ന പിഎഫ‌്സിഇ നിരക്കിലെ ഇടിവ് കേന്ദ്ര സര്‍ക്കാര്‍ ഗൗനിക്കാതെ പോകുകയാണ്. 2022–23ല്‍ 19.8 ശതമാനം രേഖപ്പെടുത്തിയ പിഎ‌ഫ‌്സിഇ നിരക്ക് 2023–24 സാമ്പത്തിക വര്‍ഷം 3.1 ലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. വരുമാനം നിലച്ചതും പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ വരുത്തിയ വീഴ്ചയുമാണ് ഇതിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ട വരുമാനം വിപണിയിലേക്ക് കൂടുതല്‍ പണമെത്തിക്കുമെന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ രാജ്യം ഭരിക്കുന്നവരും ഉപദേശകരും വിസ്മരിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്നും അഭിപ്രായപ്പെട്ടു. ജിഡിപി വളര്‍ച്ചയില്‍ ഏത് മേഖലയാണ് കൂടുതല്‍ സംഭാവന ചെയ്തതെന്ന വിവരം സര്‍ക്കാര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. 

കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഗ്രോസ് വാല്യൂ ആഡഡ് (ജിവിഎ) വളര്‍ച്ച കേവലം 1.2 ശതമാനം മാത്രമാണ്. ഉല്പാദന മേഖല 13.9 ശതമാനവും നിര്‍മ്മാണ മേഖല 13.3 ശതമാനവും ജിഡിപി വളര്‍ച്ചയുടെ ഭാഗമായതായി സര്‍ക്കാര്‍ രേഖകളില്‍ പറയുന്നുണ്ട്. ഇതോടൊപ്പം സര്‍ക്കാര്‍ ചെലവഴിക്കുന്ന പണത്തിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സര്‍ക്കാര്‍ ചെലവ് (ജിഎഫ‌്സിഇ) 10.1 ശതമാനമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ രണ്ടാം പാദത്തില്‍ ഇത് 8.9 ശതമാനമായി ഇടിഞ്ഞു. കുടുംബ വരുമാന വര്‍ധന ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ നടത്തിപ്പിലെ വീഴ്ച, തൊഴിലവസരം സൃഷ്ടിക്കുന്നതിലെ വിമുഖത എന്നിവ പരിഗണിക്കാതെയുള്ള ജിഡിപി കണക്കുകള്‍ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

Eng­lish Summary:Household spend­ing in the coun­try is shrink­ing; Unem­ploy­ment is on the rise
You may also like this video

Exit mobile version