Site iconSite icon Janayugom Online

പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചു: ബിജെപി പ്രവർത്തകനെതിരെ കേസ്

തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ ബിജെപി പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം. പരാതിയെ തുടർന്ന് ബിജെപി പ്രവർത്തകനായ രാജുവിനെതിരെ കേസെടുത്തു. ഇയാൾ ഒളിവിലാണ്.

വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ്‌ സംഭവം. ഇടവിളാകം വാർഡിലെ ബിജെപി സ്ഥാനാർഥി അനുയായികളുമായി വീടുകളിൽ കയറി വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിൽ സ്ഥാനാർഥിക്കൊപ്പം വന്ന ബിജെപി പ്രവർത്തകരിൽ ഒരാളായ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം, കൂടെ വന്നിരുന്ന മറ്റെല്ലാ പ്രവർത്തകരും വീടിന് പുറത്തേക്ക് ഇറങ്ങിയിരുന്നു. വീട്ടമ്മ വെള്ളം എടുക്കുന്നതിനായി വീടിനുള്ളിലേക്ക് പോയപ്പോൾ, രാജു പിന്നാലെ കയറി ചെല്ലുകയും വീട്ടമ്മയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് രാജു ഉടൻ തന്നെ അവിടെനിന്നും ഇറങ്ങി ഓടി.

വീട്ടമ്മ മംഗലപുരം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ ഇതുവരെയും കണ്ടെത്താൻ ആയിട്ടില്ലെന്നും പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Exit mobile version