Site iconSite icon Janayugom Online

വരാപ്പുഴയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം; ദമ്പതികളുടെ മകളെയും പ്രതി ചേർക്കും

വട്ടിപ്പലിശ കെണിയിൽപ്പെട്ട് വരാപ്പുഴയിൽ വീട്ടമ്മയായ ആശ ബെന്നി ആത്മഹത്യ ചെയ്ത സംഭവത്തിൽ പലിശക്കാരായ റിട്ട.പൊലീസുകാരൻ പ്രദീപിൻറെയും ബിന്ദുവിൻറെയും മകൾ ദീപയെയും പ്രതി ചേർക്കും. ദീപയെ ഇന്നലെ കൊച്ചിയിൽ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കെതിരെയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുമെന്നാണ് വിവരം. 

കേസിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പ്രതി ചേർത്ത പ്രദീപ് കുമാറും ബിന്ദുവും ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. 

2022 മുതൽ പ്രദീപും ബിന്ദുവും ചേർന്ന് 10 ലക്ഷത്തോളം രൂപ ആശയ്ക്ക് വട്ടിപ്പലിശയ്ക്ക് നൽകിയിരുന്നെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. എന്നാൽ മുതലും പലിശയും തിരിച്ചടച്ചിട്ടും വീണ്ടും 22 ലക്ഷത്തോളം രൂപ നൽകണമെന്ന് ഇരുവരും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ആശയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് പ്രദീപിനും ബിന്ദുവിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത്.

ഇന്നലെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് പ്രദീപിൻറെയും ബിന്ദുവിൻറെയും മകൾ ദീപയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 7 മണിയോടെ ദീപയുടെയും ഭർത്താവിൻറെയും സ്ഥാപനത്തിലെത്തിയ പൊലീസ് വനിതാ പൊലീസ് ഇല്ലാതിരുന്നതിനാൽ ഇവരെ കസ്റ്റഡിയിലെടുക്കാൻ കഴിയാതെ മടങ്ങിയിരുന്നു. പിന്നീട് വനിതാ പൊലീസുമായെത്തിയ പൊലീസുകാരെ ദീപയുടെ അഭിഭാഷകൻ തടയുകയായിരുന്നു. വാറൻറ് ഇല്ലാതെ രാത്രിയിൽ സ്ത്രീകളെ കസ്റ്റഡിയിലെടുക്കാൻ കഴിയില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഒടുവിൽ മജിസ്ട്രേറ്റിൻറെ വാറണ്ടുമായി എത്തി രാത്രിയോടെയാണ് ദീപയെ കസ്റ്റഡിയിലെടുത്തത്. 

മരിക്കുന്നതിൻറെ തലേദിവസം പ്രദീപും ബിന്ദുവും വീട്ടിലെത്തി തന്നെ ഭീഷണിപ്പെടുത്തിയതായി ആശ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. ഇവർക്കൊപ്പം ദീപയുമുണ്ടായിരുന്നെന്ന് ബന്ധുക്കളുടെ ആരോപണത്തിൻറെ അടിസ്ഥാനത്തിലാണ് ദീപയെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആശയെ ഇവർ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

Exit mobile version