മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതി അജ്മൽ ക്രിമിനൽ ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഡോ. ശ്രീക്കുട്ടി പൊലീസിന് മൊഴി നല്‍കി. സിനിമ കൊറിയോഗ്രാഫറാണെന്ന് പറഞ്ഞാണ് അജ്മൽ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് വഴിതെറ്റി. താനും അജ്മലും ലഹരി ഉപയോഗിക്കാറുണ്ട്. അജ്മലിന്റെ സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോകാറുണ്ട്. ലഹരി ഉപയോഗിക്കാനായി മറ്റൊരു വീട് തന്നെ ഉണ്ടായിരുന്നു. പണവും സ്വർണവും നൽകിയത് അജ്മൽ ആവശ്യപ്പെട്ട പ്രകാരമാണ്. സുഹൃത്തിന്റെ വീട്ടിൽ ഓണം ആഘോഷിച്ചതിന് ശേഷം തിരികെ വരുമ്പോഴാണ് അപകടം നടന്നതെന്നും അപകടത്തിന് ശേഷവും ആൾക്കൂട്ടം പിന്തുടർന്നപ്പോഴും വാഹനം നിർത്താൻ താൻ അജ്മലിനോട് ആവശ്യപ്പെട്ടെന്നും ഡോ. ശ്രീക്കുട്ടി പൊലീസിനോട് പറഞ്ഞു.
ഭയം കൊണ്ടാണ് താൻ വാഹനവുമായി രക്ഷപ്പെട്ടതെന്ന് അജ്മൽ പൊലീസിനോട് പറഞ്ഞു. പിൻതുടർന്നവരിൽ ചിലരുമായി തനിക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് അജ്മലിന്റെ മൊഴി. പ്രതികൾ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന മൊഴിയെതുടര്‍ന്ന് ഇവരുടെ രക്തസാമ്പിളുകളിൽ രാസലഹരി സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന നടത്തും. ഡോ. ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം അംഗീകാരം ഉള്ളതാണോയെന്നതിലും അന്വേഷണം ആരംഭിച്ചു. സേലത്തെ വിനായക മിഷൻ റിസർച്ച് ഫൗണ്ടേഷനിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നുമാണ് പൊലീസ് വിവരങ്ങൾ തേടുക. ഡോ. ശ്രീക്കുട്ടിയ്ക്ക് എതിരായ കേസ് സംബന്ധിച്ച റിപ്പോർട്ടും ആരോഗ്യ വകുപ്പിന് പോലീസ് ഉടൻ കൈമാറും. ശ്രീക്കുട്ടി ജോലി ചെയ്ത ആശുപത്രിയിലെ സ്ഥിരം സന്ദർശകനായിരുന്നു അജ്മലെന്നും പൊലീസിന് വിവരം ലഭിച്ചു. അതിനിടെ അജ്മലിന്റെ മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനിൽക്കുന്നതാണെന്നും പ്രതികൾ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമെന്നും മജിസ്ട്രേറ്റ് നിരീക്ഷിച്ചു. തുടർന്ന് പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു. കേസിൽ ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റവും ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റവും ചുമത്തിയിരുന്നു.