പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ബസ് ഡ്രൈവറെ സ്ഥലംമാറ്റിയ നടപടിയിൽ ഹൈക്കോടതി ഇടപെടല്‍. അച്ചടക്ക നടപടിയില്‍ വിമര്‍ശിച്ച് കെഎസ്ആർടിസിയോട് ഹൈക്കോടതി ചില ചോദ്യങ്ങൾ ഉന്നയിച്ചു. ‘അച്ചടക്ക വിഷയം വന്നാല്‍ എപ്പോഴും സ്ഥലംമാറ്റം ആണോ പരിഹാരം, പ്ലാസ്റ്റിക് കുപ്പി ബസില്‍ സൂക്ഷിച്ചതിന് ദൂരേക്കുള്ള സ്ഥലംമാറ്റം എങ്ങനെ ആനുപാതികമാകും, ബസിന്റെ മുന്‍വശത്തു നിന്ന് ലഭിച്ചത് മദ്യക്കുപ്പിയല്ലല്ലോ‘എന്നും കോടതി ചോദിച്ചു.
വെള്ളം കുപ്പിയില്‍ സൂക്ഷിക്കുന്നത് ജോലി സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു. അതേസമയം, സ്ഥലം മാറ്റത്തില്‍ അഹംഭാവം എന്തിനാണെന്ന് ഡ്രൈവര്‍ ജെയ്‌മോനോടും കോടതി ചോദിച്ചു. സ്ഥലം മാറ്റത്തില്‍ കെഎസ്ആര്‍ടിസിക്ക് പരാതി നല്‍കാമെന്നും ഡ്രൈവര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പരാതി ലഭിച്ചാല്‍ ജെയ്‌മോന്റെ ഭാഗം കേള്‍ക്കുമെന്ന് കെഎസ്ആര്‍ടിസിയും ഉറപ്പ് നൽകിയിട്ടുണ്ട്. കൊല്ലം ആയൂരില്‍ വച്ച് ഗതാഗതമന്ത്രി നടത്തിയ മിന്നൽ പരിശോധനയിൽ ബസിൽ പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ടതിന് ഡ്രൈവറെ ശകാരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. കുപ്പി വലിച്ചെറിയാനുള്ള സ്ഥലമല്ല ഇതെന്നും നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടായത്.

