Site iconSite icon Janayugom Online

ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വന്‍തുക കോഴ നല്‍കി

സൗരോര്‍ജ വൈദ്യുതി വിതരണ കരാര്‍ ഒപ്പിക്കുന്നതിന് അഡാനി കമ്പനി 2,200 കോടി രൂപ കൈക്കൂലി നല്‍കിയതിന് സമാനമായി രാജ്യത്തെ മൂന്ന് പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കോഴ നല്‍കിയെന്ന കേസ് യുഎസില്‍ പിഴയൊടുക്കി തീര്‍പ്പാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയില്‍വേ, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ക്കാണ് യുഎസ് കമ്പനികള്‍ കോഴ നല്‍കിയതായി കണ്ടെത്തിയത്. കേസില്‍ നിന്ന തലയൂരുന്നതിന് പല യുഎസ് കമ്പനികളും പിഴയടച്ച് മുഖം രക്ഷിച്ചെന്ന് ദ പയനീര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴ നല്‍കിയതായി കണ്ടെത്തിയ തുകയുടെ 300 ശതമാനത്തിലധികം പിഴയടച്ചാണ് കമ്പനികള്‍ നിയമനടപടിയില്‍ നിന്ന് രക്ഷപ്പെട്ടത്. 

അഡാനി കമ്പനിക്കെതിരെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് സമന്‍സ് അയച്ചതിന് പിന്നാലെയാണ് മറ്റ് കൈക്കൂലി സംഭവങ്ങളും പുറത്തുവന്നത്. അമേരിക്കന്‍ ഗവേഷണ ഡിസൈന്‍ സ്ഥാപനമായ മൂഗ് അഞ്ച് ലക്ഷം യുഎസ് ഡോളര്‍ എച്ച്എഎല്ലുമായുള്ള കരാറിന് കൈക്കൂലി നല്‍കിയ കേസിലാണ് പിടിക്കപ്പെട്ടത്. നിയമനടപടി ആരംഭിച്ചതോടെ മൂഗ് നിരുപാധികം മാപ്പ് പറയുകയും 300 ശതമാനം തുക പിഴയൊടുക്കുകയും ചെയ്തു. റെയില്‍വേയുമായുള്ള ഇടപാടില്‍ കൈക്കൂലി നല്‍കിയ കേസില്‍ ഐടി ഭീമനായ ഒറാക്കിള്‍ കോര്‍പ്പറേഷനും യുഎഇ, തുര്‍ക്കി എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്കും അമേരിക്കയില്‍ 23 ദശലക്ഷം ഡോളര്‍ പിഴയടയ്ക്കേണ്ടതായി വന്നു. 

ഐഒസിക്ക് കൈക്കൂലി നല്‍കിയ വിഷയത്തില്‍ യുഎസ് കമ്പനിയായ ആല്‍ബെമാര്‍ലെ കോര്‍പ്പറേഷനും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ പിടിയിലായി. ഇതോടൊപ്പം ഇന്തോനേഷ്യ, വിയറ്റ്നാം കമ്പനികള്‍ 63.5 ദശലക്ഷം ഡോളര്‍ കൈക്കൂലി നല്‍കിയതിന് 198 ദശലക്ഷം ഡോളറാണ് പിഴ അടച്ചത്. 2024 ഒക്ടോബര്‍ 11ലെ അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് പ്രകാരം സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മിഷന്‍, മൂഗിന്റെ ഇന്ത്യന്‍ ഉപകമ്പനിയായ മൂഗ് മോഷന്‍ കണ്‍ട്രോള്‍സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് എച്ച്എഎല്‍, സൗത്ത് സെന്‍ട്രല്‍ റെയില്‍വേ എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതെന്ന് പയനീര്‍ വാര്‍ത്തയില്‍ പറയുന്നു. 

റെയില്‍വേ മന്ത്രാലയത്തിന് കീഴിലെ റെയില്‍വേ ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ കരാര്‍ ലഭിക്കുന്നതിനാണ് യുഎസ് കമ്പനികള്‍ കൈക്കൂലി നല്‍കിയത്. ഐഒസിക്ക് കൈക്കൂലി നല്‍കിയ ആല്‍ബെര്‍മാലെ കോര്‍പ്പറേഷന് വമ്പന്‍ പദ്ധതികള്‍ ലഭിച്ചതായി യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ടിലുണ്ട്. ഐഒസിയുമായുള്ള കരാറില്‍ ഇടനില കമ്പനിക്ക് ആല്‍ബെര്‍മാലെ 1.14 ദശലക്ഷം ഡോളര്‍ കമ്മിഷനായി നല്‍കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സൗരോര്‍ജ വിതരണ കരാറിനായി ഗൗതം അഡാനി, അനന്തരവന്‍ സാഗര്‍ അഡാനി, അസൂര്‍ പവര്‍ കോര്‍പ്പറേഷന്‍ എന്നിവ ഇന്ത്യയിലും അമേരിക്കയിലും 2,200 കോടി രൂപ കൈക്കൂലി നല്‍കിയെന്ന അമേരിക്കന്‍ കോടതിയുടെ കണ്ടെത്തല്‍ രാജ്യമാകെ വന്‍ വിവാദം അഴിച്ചുവിട്ടിരുന്നു. മോഡിയുമായി അവിശുദ്ധ ബന്ധം കാത്തുസൂക്ഷിക്കുന്ന അഡാനി കമ്പനിക്കെതിരെയുള്ള കേസ് പ്രതിപക്ഷം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിച്ചിട്ടും നാളിതുവരെ മറുപടി നല്‍കാന്‍ മോഡി സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടില്ല. 

Exit mobile version