മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വലംകൈ ആയ മുതിര്‍ന്ന മന്ത്രി ഭൂപേന്ദ്ര സിങ്ങിനെതിരെ ലോകായുക്ത കേസെടുത്തു. മുഖ്യമന്ത്രിയുടെയും അഴിമതി ആരോപണ വിധേയനായ ഭൂപേന്ദ്രയുടെയും ജില്ലയില്‍ നിന്നുള്ള രണ്ട് മന്ത്രിമാരും ആറ് എംഎല്‍എമാരും ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തുണ്ട്.
മുഖ്യമന്ത്രിയുമായുള്ള അടുപ്പം മുതലെടുത്ത് ഭൂപേന്ദ്ര സിങ് അഴിമതി നടത്തുന്നുവെന്ന ആക്ഷേപം ഭരണകക്ഷിയായ ബിജെപിയിലും വ്യാപകമാണ്. മുഖ്യമന്ത്രിയുടെ വിശ്വാസം ഭൂപേന്ദ്ര സിങ് മുതലെടുക്കുന്നുവെന്നാണ് മന്ത്രിമാരും എംഎല്‍എമാരും പറയുന്ന പരാതി.
വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് അഭിഭാഷകന്‍ ജെ പി ധനോപ്യയും മറ്റൊരു നേതാവും ലോകായുക്തയ്ക്ക് തെളിവുകള്‍ സഹിതം ലോകായുക്തയ്ക്ക് പരാതി നല്കിയത്. ചൗഹാന്‍ മന്ത്രിസഭയിലെ മറ്റനേകം മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ലോകായുക്തയിലും മന്ത്രിമാര്‍ക്കെതിരെയുള്ള പരാതികളുണ്ട്. എന്നാല്‍ ഇതുവരെയും ഇവയൊന്നും ലോകായുക്ത പരിഗണിച്ചിരുന്നില്ല. ചിലര്‍ക്കെതിരെ പരാതി ലഭിച്ച് ഒന്നര വര്‍ഷത്തിനുശേഷമാണ് കേസെടുത്തത്.
അതേസമയം ഭൂപേന്ദ്രയ്ക്കെതിരെയുള്ള പരാതി ലഭിച്ച് മൂന്നാം നാള്‍ ലോകായുക്ത കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ വേഗത നേരത്തെ ആരോപണ വിധേയരായ ബിജെപി മന്ത്രിമാരെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
ലോകായുക്ത അന്വേഷണത്തിന്റെ വേഗം കൂടിയതിനു പിന്നില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടോ എന്നാണ് ചിലരുടെ സംശയം. തന്നോടുള്ള അടുപ്പം മുതലാക്കി നടത്തിയ അഴിമതിയും പാര്‍ട്ടി പുനഃസംഘടനയോടെ സംസ്ഥാന അധ്യക്ഷ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമങ്ങളും ശിവരാജ് സിങ് ചൗഹാനെയാണ് വെട്ടിലാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭൂപേന്ദ്രയുടെ ചെയ്തികള്‍ തിരിച്ചടിയാവുമോ എന്നതാണ് ചൗഹാനെ ആശങ്കപ്പെടുത്തുന്നത്. പാര്‍ട്ടിയിലെ ചൗഹാന്‍ വിരുദ്ധരും നിലവിലെ ബിജെപി അധ്യക്ഷന്‍ വി ഡി ശര്‍മ്മയുടെ അനുയായികളും വിഷയം ആസൂത്രിതമായി കത്തിക്കുന്നതായും സൂചനയുണ്ട്.
English Sammury: A huge corruption of the bjp minister by taking advantage of the closeness of the Madhya Pradesh Chief Minister