Site iconSite icon Janayugom Online

ഇരിങ്ങാലക്കുടയിൽ വൻ നിക്ഷേപത്തട്ടിപ്പ്; 150 കോടി രൂപ തട്ടി

ഇരിങ്ങാലക്കുടയിൽ 150 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്. പത്ത് ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 30,000 മുതൽ 50,000 രൂപ വരെ ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചു വന്നിരുന്ന ബില്യൺ ബീസ് എന്ന ട്രേഡിംഗ് കമ്പനിക്കെതിരെയാണ് 32 പേർ പരാതി നൽകിയിരിക്കുന്നത്. 

സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ബിബിൻ കെ.ബാബു, ഭാര്യ ജയ്ത വിജയൻ, സഹോദരൻ സുബിൻ കെ.ബാബു, ലിബിൻ എന്നിവർക്കെതിരെ പൊലീസ് നാലു കേസുകൾ റജിസ്റ്റർ ചെയ്തു. ബിബിൻ. കെ. ബാബുവും സഹോദരങ്ങളും ഒളിവിലാണ്. 

32 പേരിൽനിന്നായി 150 കോടിയിലേറെ രൂപ ബില്യൻ ബീസ് ഉടമകൾ തട്ടിയെടുത്തെന്നാണ് പരാതി. നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുന്ന പക്ഷം രണ്ടു മൂന്നു ദിവസത്തിനുള്ളിൽ നൽകാമെന്നും ലാഭവിഹിതത്തിന്റെ ഒരു ഭാഗം എല്ലാ മാസവും നൽകാമെന്നുമായിരുന്നു ബില്യൻ ബീസ് ഉടമകൾ പരാതിക്കാരുമായി കരാറുണ്ടാക്കിയിരുന്നത്. കമ്പനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും എല്ലാ മാസവും നിക്ഷേപകർക്ക് പണം നൽകുമെന്നും ഇവർ ഉറപ്പു പറഞ്ഞിരുന്നു. ഇതിന് തെളിവായി ബിബിൻ, ജെയ്ത, സുബിൻ, ലിബിൻ എന്നിവർ ഒപ്പുവച്ച ചെക്കും നിക്ഷേപകർക്ക് നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Exit mobile version