വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ പ്രതിഷേധമിരമ്പി മനുഷ്യച്ചങ്ങല. വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിച്ച് നിരക്ക് കുത്തനെ ഉയര്‍ത്തി പാവപ്പെട്ടവര്‍ക്കും, കൃഷിക്കാര്‍ക്കും, ചെറുകിട വ്യവസായികള്‍ക്കും വൈദ്യുതി അപ്രാപ്യമാക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബില്‍ 2022 പിന്‍വലിക്കുക, വൈദ്യുതി വിതരണ മേഖലയില്‍ ഇടപെടാനും നിയമ നിര്‍മ്മാണത്തിനുമുള്ള സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കുന്ന കേന്ദ്ര തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എന്‍ജിനീയേഴ്‌സ് കേരള ഘടകം പട്ടം വൈദ്യുതിഭവന്‍ മുതല്‍ രാജ്ഭവന്‍ വരെ വൈദ്യുതി മേഖലാ സംരക്ഷണ ചങ്ങല സൃഷ്ടിച്ചത്. നാല് കിലോമീറ്റര്‍ ദൂരത്തില്‍ പതിനായിരത്തോളം പേര്‍ അണിനിരന്നപ്പോള്‍ മനുഷ്യച്ചങ്ങല മനുഷ്യ മതിലായി മാറി.
രാജ്ഭവന്റെ മുന്നില്‍ നടന്ന പൊതുയോഗം സിപിഐ സംസ്ഥാന സെക്രട്ടറിയും കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന പ്രസിഡന്റുമായ കാനം രാജേന്ദ്രന്റെ അധ്യക്ഷതയില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇഇഎഫ്ഐ ദേശീയ പ്രസിഡന്റുമായ എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ഹരിലാല്‍ സ്വാഗതം ആശംസിച്ചു. കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) ജനറല്‍ സെക്രട്ടറി എം പി ഗോപകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ ട്രേഡ് യൂണിയന്‍, ഓഫീസര്‍, പെന്‍ഷനേഴ്‌സ്, കോണ്‍ട്രാക്ട് സംഘടനാ നേതാക്കളായ എം ജി സുരേഷ് കുമാര്‍, ബാലകൃഷ്ണപിള്ള, എം ജി അനന്തകൃഷ്ണന്‍, പോള്‍ പി ആര്‍, എം ഷാജഹാന്‍, കെ സി സിബു, പി എസ് നായിഡു, എസ് സീതിലാല്‍ എന്നിവര്‍ അഭിവാദ്യ പ്രസംഗം നടത്തി. പ്രതീപ് നെയ്യാറ്റിന്‍കര(കേരള പവര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ‑ഐഎന്‍ടിയുസി) നന്ദി രേഖപ്പെടുത്തി. രാജ്ഭവന് മുന്നില്‍ എളമരം കരീം എംപി ആദ്യ കണ്ണിയും പട്ടം വൈദ്യുതിഭവന് മുന്നില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സജു എ എച്ച് അവസാന കണ്ണിയുമായി.
English Summary:Human chain protest against power privatization
You may also like this video