സിബിഐ ഓഫീസറെന്ന വ്യാജേന എത്തിയ ഫോണ് കോളിലൂടെ വയോധികയ്ക്ക് നഷ്ടമായത് 1.65 കാേടി രൂപ.
സിബിഐ ഓഫീസറാണ് വിളിക്കുന്നത്..നിങ്ങളുടെ പേരിൽ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇങ്ങനെയായിരുന്നു ഫോൺ കോളിലെ സംഭാഷണം. ഈ മാസം ആദ്യം വാട്സാപ് വഴി ക്രെഡിറ്റ് കാർഡിന്റെ കസ്റ്റമർ കെയർ ഹെഡ് എന്ന് പറഞ്ഞാണ് 72 കാരിയെ തേടി ആദ്യം കോൾ എത്തിയത്. ക്രെഡിറ്റ് കാർഡിന്റെ കാലാവധി കഴിഞ്ഞെന്നും ഇതിന് 86,000 രൂപ അടയ്ക്കണമെന്നും പറഞ്ഞു. എന്നാൽ, ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ പണം ഒന്നും അടയ്ക്കാനില്ലെന്ന് മനസിലാക്കി.
തുടർന്ന് രണ്ട് .ദിവസം കഴിഞ്ഞപ്പോൾ വെറൊരു നമ്പറിൽ നിന്ന് വാട്സാപ് വഴി സിബിഐ ഓഫീസർ ആണെന്ന് പരിചയപ്പെടുത്തി അടുത്ത ഫോൺ കോൾ എത്തുകയായിരുന്നു. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിൽ നിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ഈ മാസം 11 മുതൽ 17 വരെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 1,65,83,200 തട്ടിയെടുക്കുകയായിരുന്നു. അവർ ആവശ്യപ്പെട്ട പണം നൽകിയ ശേഷം പിന്നീട് ആ നമ്പറിൽ ബന്ധപ്പെടാൻ നോക്കിയപ്പോൾ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.