Site iconSite icon Janayugom Online

പോരാട്ടങ്ങളുടെ നൂറുവര്‍ഷങ്ങള്‍; സിപിഐ നൂറാം വാര്‍ഷിക ആഘോഷം നാളെ

അവകാശ പോരാട്ടങ്ങളുടെയും സാമൂഹ്യ മുന്നേറ്റങ്ങളുടെയും നൂറ് വർഷങ്ങള്‍ അടയാളപ്പെടുത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നാളെ രണ്ടാം ശതാബ്ദത്തിലേക്ക് കടക്കുന്നു. രാജ്യഭരണം ഫാസിസത്തിന്റെ നീരാളി കൈകളില്‍ അമര്‍ന്നിരിക്കുന്ന വര്‍ത്തമാനകാലഘട്ടം പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനും, തൊഴിലാളികൾ, കർഷകർ, യുവാക്കൾ, സ്ത്രീകൾ, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ എന്നിവര്‍ക്കിടയിൽ കൂടുതലാഴത്തില്‍ വേരുകളാഴ്ത്താനും ആവശ്യപ്പെടുന്നുണ്ട്.
സാമ്രാജ്യത്വ യുദ്ധങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, കാലാവസ്ഥാ ദുരന്തം, വർധിച്ചുവരുന്ന അസമത്വം എന്നിങ്ങനെ മാനവികത നേരിടുന്ന വെല്ലുവിളികൾ ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ്, പുരോഗമന ശക്തികളുടെ ശക്തമായ ഏകോപനം ആവശ്യപ്പെടുന്നു. അതുകാെണ്ടുതന്നെ വർഗീയത, നവലിബറലിസം, സ്വേച്ഛാധിപത്യം എന്നിവയ്ക്കെതിരായ പോരാട്ടം ശക്തമാക്കാനും കമ്മ്യൂണിസ്റ്റ് ഏകീകരണം നടപ്പാക്കാനും മുന്‍കയ്യെടുക്കുമെന്ന ദൃഢനിശ്ചയത്തോടെയാണ് രണ്ടാം നൂറ്റാണ്ടിലേക്ക് പാര്‍ട്ടി പ്രവേശിക്കുന്നത്.

1925 ഡിസംബര്‍ 26ന് കാണ്‍പൂരിലായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക സമ്മേളനം നടന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 26ന് ഇവിടെ നടന്ന പൊതുസമ്മേളനത്തിലാണ് ഒരു വര്‍ഷം നീണ്ട ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍, പൊതുസമ്മേളനങ്ങള്‍, സെമിനാറുകള്‍, ചരിത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികള്‍ നടന്നു. 2026 ജനുവരി 18ന് ഖമ്മത്ത് നടക്കുന്ന സമ്മേളനത്തില്‍ വാര്‍ഷികാഘോഷങ്ങള്‍ ഔദ്യോഗികമായി സമാപിക്കും.

പാര്‍ട്ടിയുടെ 100-ാം വാര്‍ഷികാഘോഷ പരിപാടികള്‍ വന്‍ വിജയമായതായും രാജ്യമെങ്ങും ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തതായും ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. സംഘ്പരിവാർ നേതൃത്വം നൽകുന്ന കേന്ദ്ര ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ഇടതുപക്ഷ രാഷ്ട്രീയത്തിന് കൂടുതൽ കരുത്തുപകരാനുള്ള ഊർജം നല്‍കുന്നതായി ശതാബ്ദിയാഘോഷം മാറിയെന്നും ഡി രാജ പറഞ്ഞു. 

Exit mobile version