ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 105ാം റാങ്കില്‍. സൂചിക പ്രകാരം ‘ഗുരുതര’ വിഭാഗത്തിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയെ കൂടാതെ 41 രാജ്യങ്ങളും ഗുരുതര വിഭാഗത്തിലുണ്ട്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയും ഇതേ വിഭാഗത്തിലാണ്. അതേസമയം ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെട്ട ‘മിതമായ’ വിഭാഗത്തിലാണുള്ളത്. 127 രാജ്യങ്ങളുടെ പട്ടികയാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. പോഷകാഹാരക്കുറവ്, ശിശുമരണം തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠനം. 2023 ല്‍ 125 രാജ്യങ്ങളുടെ പട്ടികയില്‍ 111-ാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. അതില്‍ നിന്ന് ആറു സ്ഥാനം ഇന്ത്യ താഴ്ന്നുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് ഘടകങ്ങളെ അടിസ്ഥാനമാക്കി 27.3 സ്‌കോറാണ് ഇന്ത്യയ്ക്കുള്ളത്. ജനസംഖ്യയുടെ 13.7 ശതമാനവും പോഷകാഹാരക്കുറവുള്ളവരാണ്. അഞ്ച് വയസിന് താഴെയുള്ളവരില്‍ 35.5 ശതമാനം പേര്‍ക്കും വളര്‍ച്ച മുരടിപ്പുണ്ട്. 2.9 ശതമാനം പേര്‍ അഞ്ച് വയസിന് മുമ്പ് മരണപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പട്ടിണിയും പോഷകാഹാരക്കുറവും കാരണം വിളര്‍ച്ച രോഗബാധിതരായ കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം വര്‍ധിക്കുകയാണ്. രാജ്യത്തെ ജനസംഖ്യയുടെ 13.7 ശതമാനം പേരും പോഷകാഹാരക്കുറവിന് ഇരയാക്കപ്പെടുകയാണ്. മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) വളര്‍ച്ച കൈവരിക്കുന്നുവെന്ന വാദം അംഗീകരിച്ചാല്‍ പട്ടിണി കുറയുകയാണ് വേണ്ടത്. എന്നാല്‍ കോവിഡ് 19 ന് ശേഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് ഉയരുന്നില്ല. പ്രതിശീര്‍ഷ ആളോഹരി പോഷകാഹാര- ഊര്‍ജ വിതരണത്തിന്റെ നേരിയ തോതില്‍ വര്‍ധിച്ചുവെങ്കിലും കലോറി നഷ്ടം രൂക്ഷമായ തോതില്‍ വര്‍ധിച്ചതും തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ കലോറി നഷ്ടം വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ല്‍ മോഡി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതലാണ് ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നാക്കം പോകാന്‍ ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം പുറത്ത് വന്ന ഗ്ലോബല്‍ ഇന്‍ഡക്സ് റിപ്പോര്‍ട്ടിനെ നിരാകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ അതിനെക്കാള്‍ രൂക്ഷമായ ദാരിദ്ര്യമാണ് രാജ്യം അനുഭവിക്കുന്നതെന്നാണ് 2024 ലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആഗോള തലത്തില്‍ ഏകദേശം 73 കോടി ജനങ്ങള്‍ മതിയായ ഭക്ഷണം ലഭിക്കാത്തതിനാല്‍ ദിവസവും പട്ടിണിയിലാണ്. പല ആഫ്രിക്കന്‍ രാജ്യങ്ങളും ആഗോള പട്ടിണി സൂചികയില്‍ അപകടകരമായ വിഭാഗത്തിലാണുള്ളത്. ഗാസയിലെയും സുഡാനിലെയും യുദ്ധങ്ങള്‍ അസാധാരണമായ ഭക്ഷ്യ പ്രതിസന്ധിയിലേക്കാണ് നയിച്ചിട്ടുള്ളത്. കോംഗോ, ഹെയ്തി, മാലി, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളും ആഭ്യന്തര കലഹവുമെല്ലാം ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.