Site icon Janayugom Online

കരകയറാൻ ഉറച്ച് ഹൈഡൽ ടൂറിസം വകുപ്പ്

tourism

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ജലാശയങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിപലുമായ പദ്ധതികളൊരുക്കി ഹൈ‍ഡ‍ൽ ടൂറിസം വകുപ്പ്.
ടൂറിസം മേഖലയിലെ പ്രതിസന്ധികളെ മറികടന്ന് അതിജീവനത്തിന്റെ പാതയിലാണ് സംസ്ഥാനത്തെ ഹൈഡൽ ടൂറിസം . വൈദ്യുതി വകുപ്പിന് കീഴിൽ വരുന്ന ജലാശയങ്ങളിലെ വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്തി വരുമാനം വർധിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം. സ്വകാര്യ പങ്കാളിത്തവും ഇതിനായി പ്രയോജനപ്പെടുത്തും.
നിലവിൽ പ്രവർത്തിച്ചു വരുന്ന ഹൈഡൽ ടൂറിസം സെന്ററുകളിൽ സാഹസിക വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് ആകെ പതിമൂന്നോളം ഹൈഡൽ ടൂറിസം സെന്ററുകളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ ഒൻപതോളം സെന്ററുകളും ഇടുക്കി ജില്ലയിലാണ്. പദ്ധതിയുടെ ഭാഗമായി ടൂറിസം കേന്ദ്രമായ മൂന്നാർ മേഖലയിലെ അഞ്ചോളം ഹൈഡൽ ടൂറിസം സെന്ററുകളിൽ കയാക്കിങ്, കുട്ടവഞ്ചി, വാട്ടർ സൈക്കിൾ, വാട്ടർ ബലൂൺ തുടങ്ങിയവ ഉൾപ്പെടെ കൂടുതൽ വിനോദ ഉപാധികൾ ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
ഇടുക്കിയിൽ ഏറ്റവും കൂടുതൽ സ‍ഞ്ചാരികളെത്തുന്ന ആനയിറങ്കൽ ടൂറിസം സെന്ററിൽ കയാക്കിങ് അടക്കമുള്ള നിരവധി ജലവിനോദങ്ങളാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. മുമ്പ് ബോട്ടിങ് ആയിരുന്നു ഇവിടുത്തെ പ്രധാന ആകർഷണം. ഒപ്പം ആനച്ചന്തം ആസ്വദിക്കാമെന്ന പ്രത്യേകതയുമുണ്ട് ഇവിടെ. ഇതിന് പുറമേയാണ് ഇപ്പോൾ കൂടുതൽ ജലവിനോദങ്ങൾ കൂടി ഏർപ്പെടുത്തിയിരിക്കുന്നത്. സ്പീഡ് ബോട്ടുകൾക്ക് പുറമേ കയാക്കിങ്, കുട്ടവഞ്ചി, വാട്ടർ സൈക്കിൾ, വാട്ടർ ബോൾ എന്നിവയും എത്തിച്ചിട്ടുണ്ട്. കയാക്കിങ്ങിന് രണ്ട് പേർക്ക് വരെ തുഴയാമെന്നുള്ള സംവിധാനവുമുണ്ട്.
പുതിയ വിനോദ ഉപാധികൾ പ്രായഭേദമന്യേ സഞ്ചാരികളെ ആകർഷിക്കുന്നതുമാണ്. കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതോടെ ടൂറിസം മേഖലക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈഡൽ ടൂറിസം വകുപ്പും കെഎസ്ഇബിയും. കോവിഡ് കാലത്ത് ഉണ്ടായ പ്രതിസന്ധികളിൽ നിന്ന് ഹൈഡൽ ടൂറിസം മേഖലയെ ഉയർത്തി കൊണ്ടുവരാൻ വൈദ്യുതി വകുപ്പിന് കീഴിൽ വരുന്ന ജലാശയങ്ങളിലെല്ലാം പദ്ധതികൾ വ്യാപിപ്പിക്കാനും ആലോചനയുണ്ടെന്ന് വകുപ്പ് തല ഉദ്യോഗസ്ഥർ പറ‍ഞ്ഞു.

Eng­lish Sum­ma­ry: Hydel Tourism Depart­ment deter­mined to recover

You may like this video also

Exit mobile version