Site icon Janayugom Online

ഇത് കപടനാട്യമോ അഹങ്കാരോന്മാദമോ?

ദാവോസ് ലോക സാമ്പത്തിക ഉച്ചകോടിയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വീഡിയൊ കോണ്‍ഫ്രന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്തതിനെപ്പറ്റിയുള്ള വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് അതിന്റെ ഉള്ളടക്കത്തേക്കാള്‍ ഏറെ പ്രസംഗത്തിനിടയില്‍ സംഭവിച്ച ഹ്രസ്വതടസം സംബന്ധിച്ച വിവാദമാണ്. അത് അങ്ങനെ ആവുകയെ തരമുള്ളു എന്ന് പ്രസംഗത്തിന്റെ ഉള്ളടക്കം ശ്രദ്ധിച്ച ആര്‍ക്കും ബോധ്യപ്പെടും. തന്റെ ഭരണകാലയളവില്‍, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍പോലും, കെെവരിച്ച അത്ഭുതാവഹമായ നേട്ടങ്ങളുടെ അമ്പരിപ്പിക്കുന്ന വര്‍ണാഭമായ ചിത്രമാണ് മോഡി വരച്ചുവയ്ക്കാന്‍ ശ്രമിച്ചത്. ദാവോസ് ഉച്ചകോടി വേളയില്‍ പതിവായി പുറത്തുവരുന്ന ഒക്സ്ഫാം ഇന്റര്‍നാഷണലിന്റെ ‘അസമത്വ റിപ്പോര്‍ട്ട്’ വരച്ചുകാട്ടുന്ന ഇന്ത്യയുടെ ഹിംസാത്മകമായ അസമത്വ ചിത്രത്തില്‍ നിന്നും തികച്ചും വിഭിന്നമായ മറ്റൊരിന്ത്യയെയാണ് ലോകത്തിനു മുമ്പില്‍ മോഡി അവതരിപ്പിക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെയായിരിക്കണം ഇന്ത്യന്‍ മാധ്യമങ്ങള്‍ മോഡിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം പൊതുവില്‍ അവഗണിക്കാന്‍ നിര്‍ബന്ധിതമായത്. ഒരു ദിവസം മുമ്പുമാത്രം ഓക്സ്ഫാം ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിച്ച അസമത്വത്തിന്റെ ആ ദാരുണ ചിത്രം തന്നെയാവണം ആഗോള മാധ്യമങ്ങളും മോഡിയെ അവഗണിക്കാന്‍ കാരണം. ‘ഒരു വര്‍ഷംകൊണ്ട് 160 കോടി ഡോസ് വാക്സിന്‍ നല്കി ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് പ്രത്യാശയുടെ പൂച്ചെണ്ട് നല്കി‘യെന്ന് നരേന്ദ്രമോഡി വാചാലനാകുന്നു. അതേ കാലയളവില്‍ രാജ്യത്തെ ബജറ്റിന്റെ പുതുക്കിയ കണക്കനുസരിച്ച് ആരോഗ്യപരിരക്ഷക്കായുള്ള വിഹിതത്തില്‍ 10 ശതമാനം ഇടിവുണ്ടായതായി ഓക്സ്‌ഫാം, ബജറ്റ് കണക്കുകള്‍ ഉദ്ധരിച്ച് വെളിപ്പെടുത്തുന്നു. ‘ഇന്ത്യ കോവിഡ് രണ്ടാം തരംഗത്തെ പൂര്‍ണ ജാഗ്രതയോടെ നേരിടുമ്പോള്‍ത്തന്നെ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുകയും ചെയ്തു’ എന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറയുന്നു. ഓക്സ്‌ഫാം റിപ്പോര്‍ട്ടാകട്ടെ ഒരു ദിവസം മുമ്പ് ആ വളര്‍ച്ചയുടെ യഥാര്‍ത്ഥ ചിത്രം ലോകത്തിനു മുമ്പില്‍ നിരത്തിക്കഴിഞ്ഞിരുന്നു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കു നടുവിലും ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍ സമ്പത്ത് കുന്നുകൂട്ടുകയായിരുന്നു. അവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 102ല്‍ നിന്നും 142 ആയി ഉയര്‍ന്നു.


ഇതുകൂടി വായിക്കാം; കേന്ദ്ര ഭരണകൂടമേ, മായ്ക്കാനാകില്ല ആ പാപക്കറ


അതിസമ്പന്നരുടെ സമ്പത്ത് റെക്കോഡ് വളര്‍ച്ച കെെവരിച്ചപ്പോള്‍ 84 ശതമാനം ഇന്ത്യന്‍ കുടുംബങ്ങളുടെയും വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. രാജ്യത്തെ 55 കോടി ജനങ്ങളുടെ മൊത്തം സമ്പത്തിന് തുല്യമായ സമ്പത്താണ് 98 അതിസമ്പന്ന ഇന്ത്യക്കാരുടെ കെെകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ലോകത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വങ്ങള്‍ക്കെതിരായ മുതലാളിത്ത പരിഹാര മാര്‍ഗങ്ങളാണ് ലോക സാമ്പത്തിക ഉച്ചകോടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന്. അതിസമ്പന്നരുടെ മേല്‍ അധികനികുതി ചുമത്തി ദരിദ്രജനകോടികളുടെ ജീവിത ദുരന്തങ്ങളില്‍ ആശ്വാസം പകരാനാകുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്ര ഭരണകൂടം അതിനു വിരുദ്ധമായി സമ്പത്തിനുമേല്‍ പ്രത്യക്ഷ നികുതി ചുമത്തുന്നതിനു പകരം അനുപാതരഹിതമായി പരോക്ഷനികുതിയെയാണ് ധനസമാഹാരണത്തിനായി ആശ്രയിക്കുന്നത്. വരുമാനത്തിന്റെയും സമ്പത്തിന്റെയും കാര്യങ്ങളില്‍ ഭീമമായ അന്തരം നിലനില്‍ക്കെ സമ്പന്നനും ദരിദ്രനും ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരേപോലെ പ്രത്യക്ഷ നികുതി നല്കേണ്ടി വരുന്നത് അസമത്വത്തിന്റെ തോത് രൂക്ഷമാക്കും. രാജ്യത്തെ 96 ശതകോടീശ്വരന്മാര്‍ക്ക് നാല് ശതമാനം സമ്പദ്‌നികുതി ചുമത്തുക വഴി 17 വര്‍ഷക്കാലത്തേക്കുള്ള സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ ചെലവ് പൂര്‍ണമായും നിര്‍വഹിക്കാനാവും. ഒരു ശതമാനം നികുതി മതിയാവും സ്കൂള്‍ വിദ്യാഭ്യാസം, സാക്ഷരത എന്നിവയുടെ ചെലവുകള്‍ നിര്‍വഹിക്കാന്‍. അത്രയും തുക മതിയാവും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഏഴ് വര്‍ഷക്കാലത്തെ നടത്തിപ്പിന്. ഡബ്ല്യുഇഎഫ്-ഓക്സ്ഫാം റിപ്പോര്‍ട്ടുകള്‍ മുന്നോട്ടുവയ്ക്കുന്ന അത്തരം അടിസ്ഥാന പ്രശ്നങ്ങള്‍ പരാമര്‍ശിക്കാതെ ലോകത്തെയും ഇന്ത്യയിലെയും ദരിദ്ര ജനകോടികളെ കബളിപ്പിക്കുന്ന വാചാടോപത്തിലാണ് പ്രധാനമന്ത്രി അഭിരമിക്കുന്നത്. അത് ഒരുപക്ഷെ ഒരു കാപട്യം എന്നതിലുപരി ഏകാധിപതികളെ ബാധിക്കുന്ന ‘മെഗലോമാനിയ’ അഥവാ അഹങ്കാരോന്മാദമെന്ന മാനസികാവസ്ഥയുടെ പ്രതിഫലനമായിരിക്കാം. പ്രധാനമന്ത്രിയും ബിജെപിയും വളര്‍ച്ചയെയും വികസനത്തെയും പറ്റി നടത്തുന്ന എല്ലാ അവകാശവാദങ്ങളുടെയും പൊള്ളത്തരം തുറന്നുകാട്ടുന്ന കണക്കുകളാണ് ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളും ഏജന്‍സികളും അനുദിനം പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.

You may also like this video;

Exit mobile version