Site iconSite icon Janayugom Online

ഐഎഎല്‍ ദേശീയ സമ്മേളനം: പ്രതിനിധി സമ്മേളനം തുടങ്ങി

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് (ഐഎഎല്‍) 11-ാം ദേശീയ സമ്മേളനത്തിന് തലസ്ഥാന നഗരിയില്‍ തുടക്കമായി. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ നഗറില്‍ (വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍) അഡ്വ. കെ പി ജയചന്ദ്രന്‍ ദേശീയ പതാകയും ഐഎഎല്‍ ദേശീയ പ്രസിഡന്റ് ആര്‍ എസ് ചീമ സംഘടനാ പതാകയും ഉയര്‍ത്തി. തുടര്‍ന്ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഐഎഎല്‍ ദേശീയ പ്രസിഡന്റ് ആര്‍ എസ് ചീമ അധ്യക്ഷനായി.

അലഹബാദ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, സംസ്ഥാന ഭക്ഷ്യമന്ത്രിയും സംഘാടക സമിതി ചെയര്‍മാനുമായ ജി ആര്‍ അനില്‍, സംസ്ഥാന നിയമ മന്ത്രി പി രാജീവ്, ഐഎഎല്‍ ദേശീയ സെക്രട്ടറി അഡ്വ. മുരളീധര, സംസ്ഥാന സെക്രട്ടറി സി ബി സ്വാമിനാഥന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.സംസ്ഥാന പ്രസിഡന്റും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായ അഡ്വ. കെ പി ജയചന്ദ്രന്‍ സ്വാഗതവും അഡ്വ. പി എ അസീസ് നന്ദിയും പറഞ്ഞു.

ദേശീയ ജനറല്‍ സെക്രട്ടറി ദേശീയ റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറിമാര്‍ സംസ്ഥാന റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ആരംഭിച്ചു. നാളെ രാവിലെ റവന്യു മന്ത്രി കെ രാജന്‍ പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്യും. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

തുടര്‍ന്ന് നടക്കുന്ന കമ്മിഷനുകളില്‍ ‘ഫെഡറലിസം-ഒരു പുനരവലോകനം’ എന്ന വിഷയം മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷക നീലൂഫര്‍ ഭഗത്തും, ‘ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകള്‍-പ്രാധാന്യവും സ്വാധീനവും’ എന്ന വിഷയം ദേശീയ സെക്രട്ടറി അശ്വനി ബക്ഷിയും, ‘പൗരാവകാശങ്ങളുടെ അവസ്ഥയും വെല്ലുവിളികളും’ എന്ന വിഷയം സുപ്രീം കോടതി അഭിഭാഷക തരന്നം ചീമയും, ‘വനിതകളും നീതിന്യായ സംവിധാനവും’ എന്ന വിഷയത്തില്‍ കേരള ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. പി വസന്തവും നയിക്കും. മുന്‍ എംഎല്‍എ ഡോ. ആര്‍ ലതാദേവി, വനിത കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. ആശ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. തിരുവനന്തപുരം മുന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ അധ്യക്ഷയാകും. അഡ്വ. എം എസ് താര നന്ദി രേഖപ്പെടുത്തും.

ഉച്ചയ്ക്ക് ശേഷം നടക്കുന്ന പൊതുപരിപാടിയില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ദേശീയ സെക്രട്ടറി അഡ്വ. ബി പ്രഭാകര്‍ അധ്യക്ഷനാകുന്ന ചടങ്ങിന് ഐഎഎല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സി ബി സ്വാമിനാഥന്‍ സ്വാഗതം ആശംസിക്കും. അഡ്വ. പി എ അയൂബ് ഖാന്‍ നന്ദിയും പറയും. ശേഷം സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളുടെ അവതരണം നടക്കും. തുടര്‍ന്ന് ഇപ്റ്റ തിരുവനന്തപുരം അവതരിപ്പിക്കുന്ന കലാപരിപാടികളും ശക്തിഗാഥയുടെ സംഗീതപരിപാടിയും അരങ്ങേറും.

Eng­lish Sam­mury: Indi­an Asso­ci­a­tion of Lawyers Nation­al Con­fer­ence start­ed at TVM

Exit mobile version