കേരള ടൂറിസം സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ കായംകുളത്ത് നടന്ന അഞ്ചാം മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ വില്ലേജ് ബോട്ട് ക്ലബ് വിജയിച്ചു. വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം രണ്ടും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ മൂന്നാമതും ഫിനിഷ് ചെയ്തു. കാരിച്ചാൽ (5: 13: 84 മിനിറ്റ്), വീയപുരം(5: 18: 87 മിനിറ്റ്), നിരണം(5: 19: 44 മിനിറ്റ്) എന്നിങ്ങനെയാണ് ഫൈനലിലെ ഫിനിഷ് സമയം.
ഫൈനലിൽ കായംകുളത്തെ നെട്ടായത്തിന്റെ പകുതിയിലധികവും പത്ത് തുഴപ്പാടുകൾക്ക് പിന്നിട്ടു നിന്ന പിബിസി കാരിച്ചാൽ കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പ് നടത്തിയാണ് ഒന്നാമതെത്തിയത്. പത്ത് തുഴപ്പാടുകൾ മറികടന്ന് അര വള്ളപ്പാട് വ്യത്യാസത്തിൽ മറ്റുള്ളവരെ തോൽപ്പിച്ചത് സിബിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷായിരുന്നു. സിബിഎല്ലിൽ ആദ്യമായി പയറ്റുന്ന നിരണം ചുണ്ടൻ ഇക്കുറി ഒന്നാമതെത്തുമെന്നാണ് മത്സരത്തിന്റെ തുടക്കത്തിൽ കരുതിയിരുന്നത്. എന്നാൽ തുടക്കത്തിലെ കുതിപ്പ് ഫിനിഷ് ചെയ്യുന്നതിൽ കാണിക്കാൻ അവർക്കായില്ല. പിബിസി കാരിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. വിബിസി വീയപുരം രണ്ടാമതും നിരണം ചുണ്ടൻ പട്ടികയിൽ മൂന്നാമതെത്തി. ഇനി 21 ന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫി ഗ്രാന്റ് ഫിനാലെ മത്സരത്തോടെ ഇക്കൊല്ലത്തെ സിബിഎല്ലിന് സമാപനമാകും. തലവടി(യുബിസി കൈനകരി) നാല്, നടുഭാഗം(കുമരകം ടൗൺ ബോട്ട് ക്ലബ്)അഞ്ച് ചമ്പക്കുളം(പുന്നമട ബോട്ട് ക്ലബ്)ആറ്, മേൽപ്പാടം(കുമരകം ബോട്ട് ക്ലബ്) ഏഴ്, പായിപ്പാട്(ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്) എട്ട്, ആയാപറമ്പ് വലിയദിവാൻജി (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് കായംകുളത്തെ അവസാനവട്ട സ്ഥാനങ്ങൾ.
കായംകുളം എംഎൽഎ യു പ്രതിഭ, കായംകുളം നഗരസഭ അധ്യക്ഷ പി ശശികല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, സിബിഎൽ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ആകെ 3.20 കോടി രൂപയാണ് ആറ് മത്സരങ്ങളിലുമായി നൽകുന്ന സമ്മാനത്തുക. ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ടീമിന് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം ലഭിക്കും. സിബിഎല്ലിന്റെ ആറ് ലീഗ് മത്സരങ്ങളുടെയും പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തുള്ള ടീമിന് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവർക്ക് യഥാക്രമം 15,10 ലക്ഷം രൂപ വീതവും ലഭിക്കും. ഇതിന്പുറമെ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. ചുണ്ടൻവള്ളം ഉടമകൾക്ക് ഓരോ മത്സരത്തിനും ഒരു ലക്ഷം രൂപ വീതം ബോണസും നൽകും.