Site iconSite icon Janayugom Online

ഐഎഫ്എഫ്‌കെ ഒമ്പത് മുതല്‍

ഇരുപത്തിയേഴാമത് ഐഎഫ്എഫ്‌കെ ഡിസംബര്‍ ഒമ്പത് മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലചിത്രമേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 184 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്കാരിക മന്ത്രി വി എന്‍ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐഎഫ്എഫ്‌കെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് ദാര്‍ശനിക ഗരിമയുള്ള ചിത്രങ്ങളിലൂടെ ലോകസിനിമയിലെ ഇതിഹാസമായി മാറിയ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനെ തിരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു. പത്തുലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്.

മാനുഷിക പ്രശ്‌നങ്ങളെ ദാര്‍ശനികമായി സമീപിച്ചുകൊണ്ട് സവിശേഷമായ ആഖ്യാനശൈലിയിലൂടെ അവതരിപ്പിക്കുന്ന ബേലാ താറിന്റെ ആറ് ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളായ ദ ട്യൂറിന്‍ ഹോഴ്‌സ്, വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണീസ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ഇന്ത്യയില്‍ എത്തുന്ന ബേലാ താറിന് ഡിസംബര്‍ 16ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ബേലാ താറിന്റെ ചലച്ചിത്രജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് സി എസ് വെങ്കിടേശ്വരന്‍ എഴുതിയ ‘കാലത്തിന്റെ ഇരുള്‍ഭൂപടങ്ങള്‍’ എന്ന പുസ്തകം ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കും.

Eng­lish Summary:IFFK from Decem­ber 9
You may also like this video

Exit mobile version