Site iconSite icon Janayugom Online

അവഗണന അവസാനിപ്പിക്കണം

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി കാണിക്കുന്ന, സാമ്പത്തിക ഫെഡറലിസത്തിന് വിരുദ്ധവും രാഷ്ട്രീയ പകപോക്കലിന് സമാനവുമായ അവഗണന അവസാനിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്ന അവഗണന നിത്യസംഭവമായിരിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന നികുതി വിഹിതം, കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്ര സഹായം, പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം ഇവയിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമായ സമീപനം കൂടുതല്‍ രൂക്ഷമാവുകയാണ്. 14-ാം ധനകാര്യ കമ്മിഷന്‍ കേന്ദ്ര നികുതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ചത് 42% ആയിരുന്നത് 15-ാം ധനകാര്യ കമ്മിഷന്‍ 41% ആയി കുറച്ചു. ഇപ്പോള്‍ 16-ാം ധനകാര്യ കമ്മിഷനോട് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര ധനവിഹിതം 40% ആയി കുറയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്രം സമാഹരിക്കുന്ന നികുതി സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്നുള്ളതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നികുതിക്കു പകരം സെസും സര്‍ചാര്‍ജും തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

10-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശയില്‍ 3.88% കേന്ദ്ര നികുതി വിഹിതം കിട്ടിയെങ്കില്‍ 15-ാം ധനകാര്യകമ്മിഷന്‍ ശുപാര്‍ശയസരിച്ച് ലഭിച്ചത് 1.98% മാത്രമായിരുന്നു. സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചതിലെ ഏറ്റവും കുറഞ്ഞ വിഹിതം. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ കേന്ദ്ര വിഹിതത്തിന് പലപ്പോഴും ഉപാധി വയ്ക്കുകയും വിഹിതം കുറയ്ക്കുകയും ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുകയും ചെയ്യുന്നു. പ്രകൃതി ദുരന്തം നേരിട്ട കേരളത്തോട് തികഞ്ഞ വിവേചനമാണ് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത്. ചൂരല്‍മല‑മുണ്ടക്കൈ ദുരന്ത ഭൂമിയില്‍ വന്നുപോയിട്ടു പോലും കേരളത്തെ സാമ്പത്തികമായി സഹായിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഒരു ബ്രാഞ്ച്, റെയില്‍വേ വികസനം തുടങ്ങിയവയെല്ലാം കേന്ദ്രം നിരാകരിക്കുകയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

Exit mobile version