ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷക വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അങ്കിത് യാദവ് എന്ന വിദ്യാർത്ഥിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെത്തുടർന്ന് സുഹൃത്തുക്കൾ മുറിയുടെ വാതിലിൽ തട്ടി വിളിച്ചിട്ടും തുറക്കാതിരുന്നതോടെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ഐഐടി അധികൃതരെത്തി വാതിൽ തകർത്ത് അകത്തെത്തുകയും മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധന നടത്തുകയും വിദ്യാർത്ഥിയുടെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തുകയും ചെയ്തു. സ്വന്തം ഇഷ്ടപ്രകാരമാണ് ആത്മഹത്യ ചെയ്യുന്നതെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷമേ കാരണങ്ങൾ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.

