Site icon Janayugom Online

കേരളത്തെ നടുക്കിയ നരബലിക്ക് ഒരാണ്ട്; പ്രേതാലയമായി ഇലന്തൂരെ വീട്

elanthoor

കേരളത്തെ നടുക്കിയ നരബലി കേസ് പുറത്തുവന്നിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. സംഭവം നടന്ന ഇലന്തൂരെ പ്രതികളുടെ വീട് ഒരു പ്രേതാലയമായി തുടരുന്നു. വീടും പരിസരവും കാണാന്‍ ഇപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. നരബലി നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ച് കൃത്യം നടത്തിച്ച പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി(53) ആണ് ഒന്നാംപ്രതി. 

തിരുമ്മു ചികിത്സകന്‍ ഇലന്തൂര്‍ പുളിന്തിട്ട കടകംപിള്ളില്‍ ഭഗവല്‌സിങ് (71), ഭാര്യ ലൈല (67)എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. കാലടിയിലെ ലോട്ടറി കച്ചവടക്കാരായ തമിഴ്‌നാട് ധര്‍മ്മപുരി സ്വദേശി കടവന്ത്രയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പദ്മ(52), വടക്കാഞ്ചേരി സ്വംദശി റോസ്ലിന്‍ (49) എന്നിരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയും ചെയ്തെന്നായിരുന്നു കേസ്. കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, മോഷണം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങള് ചുമത്തിയ 1600 പേജുള്ള കുറ്റപത്രമാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകത്തിലെ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. പ്രതികള്‍ ഇപ്പോഴും വിചാരണ തടവുകാരായി കാക്കനാട് ജയിലില്‍ കഴിയുകയാണ്. ലൈല ജാമ്യത്തില്‍ ഇറങ്ങാന്‍ ശ്രമം നടത്തിയെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. സംഭവം പുറത്തുവരുന്നതിന് ഒരു മാസം മുമ്പ് പദ്മയേയും നാലു മാസം മുമ്പ് റോസ് ലിനേയും കൊലപ്പെടുത്തിയിരുന്നു. 

പ്രതികള്‍ ചൂണ്ടിക്കാട്ടിയ പ്രകാരം വീടിന്റെ പരിസരത്തുനിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കുകയായിരുന്നു. സാമ്പത്തിക മെച്ചമുണ്ടാകാന്‍ ആഭിചാരക്കൊല നടത്തണമെന്ന് നിര്‍‌ദേശിച്ചത് ഷാഫിയാണെന്നും പത്മയുടെ മാംസം പ്രതികള്‍ പാകം ചെയ്ത് കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. സ്ത്രീകളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍, പത്മയുടെ മാംസം പാകം ചെയ്യാനുപയോഗിച്ച പാത്രങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, കവര്‍‌ന്നെടുത്ത ആഭരണങ്ങള്‍ തുടങ്ങിയവയാണ് പ്രധാന തെളിവുകള്‍. പദ്മയെയും റോസ്ലിനേയും ഇലന്തൂരിലെ വീട്ടിലെത്തിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പദ്മയുടെ ഫോണിനെ കുറിച്ച് ഭഗവല്‌സിങ് പറഞ്ഞെങ്കിലും ഇതുവരെ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇലന്തൂരിലെ വീടിനടുത്തുള്ള തോട്ടില്‍ ഫോണ്‍ എറിഞ്ഞെന്നായിരുന്നു മൊഴി. ഫോണ്‍ കണ്ടെടുക്കാന്‍ വീടും പരിസരവും സമീപത്തെ തോടും പൊലിസ് അരിച്ചുപെറുക്കിയെങ്കിലും ലഭിച്ചില്ല. പദ്മയുടെ ഫോണ്‍ കണ്ടെത്തിയില്ലെങ്കിലും സൈബര്‍‌സെല്ലില്‍ നിന്നും കോളുകളുടെ വിശദാംശങ്ങള്‍ ശക്തമായ തെളിവായി പോലീസ് കണക്കിലെടുത്തു. രണ്ടു കൊലപാതകങ്ങളും നടത്തിയ വീട് പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. 

Eng­lish Sum­ma­ry: Ilan­toor house became a ghost house for human sac­ri­fice that shook Kerala

You may also like this video

Exit mobile version