അനധികൃതസ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള പരാതിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം. കെ സുധാകരന്റെ മുന്‍ ഡ്രൈവറും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ പ്രാഥമികമായി അന്വേഷണം തുടങ്ങിയിരിക്കുന്നത്.
സുധാകരന്റെ വരുമാനസ്രോതസുകളെക്കുറിച്ചും അധ്യാപികയായ ഭാര്യയുടെ വരുമാനത്തെക്കുറിച്ചുമാണ് പ്രാഥമികാന്വേഷണം. സ്കൂള്‍ അധ്യാപികയായിരുന്ന ഭാര്യയുടെ ശമ്പളവിവരങ്ങള്‍ തേടി കണ്ണൂര്‍ കാടാച്ചിറ സ്‌കൂള്‍ പ്രധാനാധ്യാപകന് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കെ സുധാകരന്‍ തന്നെ വെളിപ്പെടുത്തിയതോടെയാണ് വിജിലന്‍സ് അന്വേഷണവിവരം പുറത്തറിഞ്ഞത്.
16 കോടിയുടെ അനധികൃത സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് അടുത്ത അനുയായി ആയിരുന്ന പ്രശാന്ത് ബാബു 2021ല്‍ പരാതി നല്‍കിയത്. കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് എന്ന പേരില്‍ ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂള്‍ ഏറ്റെടുക്കാന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ ട്രസ്റ്റ് രൂപീകരിക്കുകയും അതിനായി വിദേശത്തു നിന്നടക്കം 16 കോടി രൂപ സുധാകരന്‍ പിരിച്ചെടുത്ത് തട്ടിപ്പുനടത്തി എന്നതാണ് ആരോപണം. പലരില്‍ നിന്നും പണം വാങ്ങുന്നതിന് താന്‍ ദൃക്സാക്ഷിയായിരുന്നെന്നും പ്രശാന്ത് ബാബു പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മോന്‍സന്‍ മാവുങ്കല്‍ നടത്തിയ പണം തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാണ് കെ സുധാകരന്‍. ഈ കേസില്‍ കെ സുധാകരനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ കയ്യില്‍ നിന്നും പത്തുലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റിയെന്ന പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് അനധികൃതസ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
മോന്‍സന്‍ കേസിലെ അറസ്റ്റോടെ കെപിസിസി അധ്യക്ഷസ്ഥാനത്തിന് തട്ടിയ ഉലച്ചില്‍ വിജിലന്‍സ് കേസോടെ കസേര തന്നെ തെറിപ്പിക്കുന്ന അവസ്ഥയിലെത്തി. ഇത്രയേറെ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന കെ സുധാകരന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന കടുത്ത നിലപാടിലാണ് മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍. കെ സുധാകരന്റെയും വി ഡി സതീശന്റെയും പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയുള്ള ഘടകകക്ഷികളിലെ പ്രമുഖ നേതാക്കളുമായെല്ലാം മുതിര്‍ന്ന എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ബന്ധപ്പെടുന്നുമുണ്ട്.
15 വര്‍ഷത്തെ സ്വത്തില്‍ അന്വേഷണം
കെ സുധാകരന്റെ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ വരുമാനത്തെക്കുറിച്ചാണ് അന്വേഷണം. പരാതിക്കാരനായ പ്രശാന്ത് ബാബുവിനോട് ഇന്ന് കോഴിക്കോട്ടെ ഓഫിസില്‍ ഹാജരാകാന്‍ വിജിലന്‍സ് അന്വേഷണ സംഘം ആവശ്യപ്പെട്ടു.
വിജിലൻസ് സ്പെഷ്യൽ സെൽ അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൽ റസാക്കിന്റെ നേതൃത്വത്തിലാണ് സുധാകരനെതിരെയുള്ള പ്രാഥമികാന്വേഷണം. ഈ മാസം 15നാണ് നോട്ടീസയച്ചത്.
സുധാകരന്റെ ഭാര്യ സ്മിതയുടെ 2001 ജനുവരി ഒന്നു മുതലുള്ള ശമ്പളം, ഡിഎ, അരിയര്‍, ലീവ് സറണ്ടര്‍ എന്നിവയുടെ വിവരങ്ങള്‍ നല്‍കാനാണ് ജോലി ചെയ്തിരുന്ന കണ്ണൂര്‍ കാടാച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.
പണം കിട്ടാന്‍ കെ സുധാകരന്‍ എന്തും ചെയ്യുമെന്ന് പ്രശാന്ത് ബാബു പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയായ എ കെ ആന്റണിക്ക് പരാതി നല്‍കിയിരുന്നെങ്കിലും സുധാകരനെതിരേ നടപടിയുണ്ടായില്ലെന്നും പ്രശാന്ത് ബാബു പറഞ്ഞു.
തല്‍ക്കാലം തുടരാം
റെജി കുര്യന്‍
ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് തല്‍ക്കാലം തല്‍സ്ഥിതി തുടരാന്‍ ഹൈക്കമാന്റ്. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഇപ്പോള്‍ സ്ഥാന ചലനം വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം. സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഹൈക്കമാന്റുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തീരുമാനം.
രാവിലെ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി നടത്തിയ ചര്‍ച്ചകളില്‍ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുത്തു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. വൈകുന്നേരമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചര്‍ച്ചകള്‍ നടന്നത്. കെ മുരളീധരനും ചര്‍ച്ചകളുടെ ഭാഗമായി. സുധാകരന് എതിരെ ഉയര്‍ന്നിരിക്കുന്ന കേസുകള്‍ രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് യോഗത്തിനുശേഷം താരിഖ് അന്‍വര്‍ പറഞ്ഞു.
സുധാകരനെതിരെ ഉയര്‍ന്നു വന്ന കേസുമായി ബന്ധപ്പട്ട വിഷയങ്ങള്‍, സംഘടനാ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചര്‍ച്ചയില്‍ ഉണ്ടായതെന്നാണ് സംസ്ഥാന നേതാക്കള്‍ പ്രതികരിച്ചത്. കേസുകളില്‍ ഹൈക്കമാന്റ് സുധാകരന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റുമാരെ നിശ്ചയിച്ചത് സംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്ന വിവാദങ്ങളും ചേരി തിരിഞ്ഞ് സുധാകരനെതിരെയും സതീശനെതിരെയും ലഭിച്ച പരാതികളുമാണ് പ്രധാനമായും ചര്‍ച്ചയായത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ലഭിച്ച പരാതികളും ചര്‍ച്ചയുടെ ഭാഗമായി.
സംസ്ഥാന കോണ്‍ഗ്രസിലെ നിലവിലെ കലഹം പൊട്ടിത്തെറിയായി മാറുന്നത് തടയാന്‍ നടപടികള്‍ വേണമെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം ഇന്നലെ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയത്. സംഘടനാ പരമായി സുധാകരനും സതീശനും പരാജയമെന്ന വിലയിരുത്തല്‍ നേതൃത്വം നടത്തിയിട്ടുണ്ട്. സംഘടനാ കാര്യങ്ങളില്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെയും എല്ലാവരെയും ഉള്‍ക്കൊണ്ടും മുന്നേറണമെന്ന അന്ത്യശാസനവും സംസ്ഥാന നേതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.
English Summary: Illegal acquisition of property; Vigilance probe against K Sudhakaran
You may also like this video