Site icon Janayugom Online

ഉത്തരേന്ത്യന്‍ പ്രളയക്കെടുതിയില്‍ അടിയന്തര ദുരിതാശ്വാസം ലഭ്യമാക്കണം: സിപിഐ

ഉത്തരേന്ത്യയിലുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര ദുരിതാശ്വാസം ലഭ്യമാക്കണമെന്ന് സിപിഐ ദേശീയ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
ഹിമാചൽപ്രദേശ്, പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ അസാധാരണമായ പ്രളയക്കെടുതിയാണ് നേരിടുന്നത്. വൻതോതിൽ കാർഷിക വിളകൾ മാത്രമല്ല, കന്നുകാലികൾ, വസ്തുവകകൾ എന്നിവയും മനുഷ്യജീവനുകളും നഷ്ടമായി. ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ദോഷകരമായി ബാധിച്ചു. കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ദുരിതാശ്വാസ നടപടികൾ അപര്യാപ്തമാണെന്ന് മാത്രമല്ല, ദുരിതബാധിതരായ ജനങ്ങളെ പ്രളയജലത്തിന്റെ കാരുണ്യത്തിന് വിട്ടുകൊടുത്തിരിക്കുകയുമാണ്.
ദുരിതബാധിത മേഖലകളിലേക്ക് ദുരന്തനിവാരണ സേനയെ അയയ്ക്കുന്നതിനു പോലും കേന്ദ്ര സർക്കാരോ പ്രധാനമന്ത്രിയോ തയ്യാറായില്ല. ദുരിതബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, പാൽ, മരുന്ന് തുടങ്ങിയവ പോലും ലഭിക്കുന്നില്ല. അവ അടിയന്തിരമായി ലഭ്യമാക്കണം. അഭൂതപൂർവമായ വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും കാർഷിക വിളകൾ, കന്നുകാലികൾ, സ്വത്തുക്കൾ എന്നിവ നഷ്ടപ്പെട്ടവർക്കും കേന്ദ്രവും അതത് സംസ്ഥാന സർക്കാരുകളും യാഥാർത്ഥ്യബോധത്തോടെ നഷ്ടപരിഹാരം നൽകുകയും കാർഷിക വായ്പകൾ എഴുതിത്തള്ളുകയും ചെയ്യണമെന്ന് കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ഫെഡറൽ സ്വഭാവമനുസരിച്ച് കേന്ദ്ര സർക്കാരും സംസ്ഥാന സര്‍ക്കാരുകളും ഭാവിയിലെ പ്രളയം ഒഴിവാക്കാൻ പ്രളയജല മാനേജ്മെന്റിൽ മതിയായ അടിസ്ഥാന സൗകര്യ വികസനം ആസൂത്രണം ചെയ്യുകയും ഹ്രസ്വ- ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു. കെ സാംബശിവറാവു അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഡി രാജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

eng­lish summary;Immediate relief should be pro­vid­ed in north Indi­an floods: CPI

you may also like this video;

Exit mobile version