പിഎസ്‌സി പരീക്ഷയിലെ ആൾമാറാട്ട കേസിൽ പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽസാ കാതറിൻ ജോർജാണ് നേമം സ്വദേശികളും സഹോദരങ്ങളുമായ അമൽജിത്ത്, അഖിൽജിത്ത് എന്നീ പ്രതികൾക്ക് കർശന വ്യവസ്ഥയിൽ ജാമ്യം നൽകിയത്.
50,000 രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യ ബോണ്ടും കോടതിയിൽ ഹാജരാക്കണം. മൂന്നു മാസക്കാലം, ഓരോ മാസത്തെയും ഒന്നും മൂന്നും ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണം. അന്വേഷണവുമായി സഹകരിക്കണം. കേസിലെ വസ്തുത അറിയാവുന്നവരേയോ സാക്ഷികളെയോ സ്വാധീനിക്കാനോ ഭീഷണിപ്പടുത്താനോ തെളിവു നശിപ്പിക്കാനോ പാടില്ല തുടങ്ങിയ വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. ഏതെങ്കിലും ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കി പ്രതികളെ കൽതുറുങ്കിലടക്കുമെന്നും ജാമ്യ ഉത്തരവിൽ പറയുന്നു. ഫെബ്രുവരി ഒമ്പതിന് പ്രതികൾ കോടതിയിൽ കീഴടങ്ങിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ് പൂജപ്പുര പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂളിൽ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
തിരുവനന്തപുരം നേമം മേലാംകോട് ശ്രീഹരി സദനത്തിൽ അമൽജിത്ത് എന്ന പേരിലാണ് ഒരാൾ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയത്. ഹാജർ രജിസ്റ്ററിൽ ഒപ്പിട്ട ഇയാൾ ഡ്രൈവിങ് ലൈസൻസാണ് തിരിച്ചറിയൽ രേഖയായി ഹാജരാക്കിയത്. ഇത് ഇൻവിജിലേറ്റർ പരിശോധിച്ച ശേഷമാണ് ബയോമെട്രിക് പരിശോധനയ്‌ക്ക് ഉദ്യോഗസ്ഥൻ എത്തിയത്. പിഎസ്‌സി ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയായിരുന്നു ഇത്.
English Summary: Impersonation in PSC Exams; Bail for the accused
You may also like this video