Site iconSite icon Janayugom Online

മിസൈല്‍ ഘടകങ്ങളുടെ ഇറക്കുമതി; അഡാനി വെട്ടിച്ചത് കോടികള്‍

ഇറക്കുമതി നികുതി വെട്ടിപ്പില്‍ അഡാനി ഡിഫന്‍സിനെതിരെ അന്വേഷണം. മിസൈല്‍, ഡ്രോണ്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത വകയില്‍ 77.70 കോടി രൂപ ഗൗതം അഡാനി ഡിഫന്‍സ് വെട്ടിച്ചു. ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) അന്വേഷണം ആരംഭിച്ചു.

ഇന്ത്യന്‍ സേനയ്ക്കായി മിസൈലുകള്‍, ഡ്രോണ്‍, ചെറു ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് അഡാനി ഡിഫന്‍സ്. റഷ്യ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഹ്രസ്വദൂര ഉപരിതല‑വ്യോമ മിസൈല്‍ സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഘടകങ്ങള്‍ ഇറക്കുമതി ചെയ്തത്. ഈ ഭാഗങ്ങള്‍ക്ക് 10% ഇറക്കുമതി നികുതിയും 18% പ്രാദേശിക നികുതിയും ബാധകമാണ്. എന്നാല്‍, കമ്പനി ഇവയെ താരിഫില്‍ നിന്ന് ഒഴിവാക്കിയ ദീര്‍ഘദൂര മിസൈലുകളുടെ ഭാഗങ്ങളായി തെറ്റായി രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞമാസം സര്‍ക്കാര്‍ വരുത്തിയ നിയമഭേദഗതി പ്രകാരം ഇപ്പോള്‍ എല്ലാ മിസൈല്‍ ഭാഗങ്ങളും താരിഫ് ഇല്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുമതിയുണ്ട്. എന്നാല്‍, നിയമം വരുന്നതിന് മുമ്പ് ഹ്രസ്വദൂര മിസൈല്‍ ഭാഗങ്ങള്‍ക്ക് ഇളവ് ഉണ്ടായിരുന്നില്ലെന്ന് ഡിആര്‍ഐ പറയുന്നു. 2025 മാര്‍ച്ചില്‍ ഇതു സംബന്ധിച്ച് ഡിആര്‍ഐ അഡാനി കമ്പനിക്കെതിരെ അന്വേഷണം ആരംഭിക്കുകയും മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

കസ്റ്റംസ് നിയമങ്ങളുടെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ ഇറക്കുമതി സംബന്ധിച്ച് ഡിആര്‍ഐ വ്യക്തത തേടിയിട്ടുണ്ട്. ആവശ്യപ്പെട്ട വിശദീകരണങ്ങളും രേഖകളും നല്‍കിയിട്ടുണ്ടെന്നാണ് അഡാനി ഗ്രൂപ്പിന്റെ വിശദീകരണം. എന്നാല്‍, പിഴയടച്ച് കേസ് ഒത്തുതീര്‍പ്പാക്കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇറക്കുമതി ചെയ്ത മിസൈല്‍ ഭാഗങ്ങളുടെ വര്‍ഗീകരണം തെറ്റായ രീതിയിലാണ് നടത്തിയിരിക്കുന്നതെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഡിആര്‍ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ വര്‍ഗീകരണത്തില്‍ സംഭവിച്ച പിഴവ് കമ്പനി വിശദീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണയായി ഇത്തരം കേസുകളിൽ പിഴ നല്‍കി നിയമനടപടികളില്‍ നിന്നും ഒഴിവാകുകയാണ് ചെയ്യുന്നത്. അഡാനി കമ്പനി പിഴയായി 150 കോടിയോളം നല്‍കേണ്ടി വരും. ഓഹരി ക്രമക്കേട് സംബന്ധിച്ച രണ്ടു കേസുകളില്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി അടുത്തിടെ അഡാനി കമ്പനികളെ ഒഴിവാക്കിയിരുന്നു. നിലവില്‍ സെക്യൂരിറ്റീസ് മാനദണ്ഡം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഒരു ഡസനിലധികം ആരോപണങ്ങള്‍ അഡാനി ഗ്രൂപ്പ് നേരിടുന്നുണ്ട്.

Exit mobile version