ചികിത്സയിലായിരുന്ന തടവുപുള്ളിയെ അഞ്ചംഗ സംഘം ആശുപത്രിയില്‍ കയറി വെടിവച്ചുകൊന്നു. ബിഹാറിലെ രാജാ ബസാറിന് സമീപം ഇന്ന് അതിരാവിലെയാണ് സംഭവം. ഗുണ്ടാപകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെയായി സംസ്ഥാനത്ത് ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിച്ചുവരികയാണ്. ബുക്സാര്‍ സ്വദേശിയായ ചന്ദന്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. കൊലപാതക കേസുമായി ബന്ധപ്പെട്ട് ബെയൂര്‍ ജയിലില്‍ കഴിയുകയായിരുന്നു മിശ്ര. പരോളിലിറങ്ങിയ ശേഷം പരസ് ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയപ്പോഴാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. അക്രമികള്‍ തോക്കുമായി വരുന്നതിന്റെയും വാതില്‍ തുറന്ന് നിറയൊഴിക്കുന്നതിന്റെയും രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ചന്ദന്‍ മിശ്രയ്ക്കെതിരെ പത്തിലധികം കേസുകളുണ്ട്. ചന്ദന്‍ മിശ്രയുടെ എതിരാളി സംഘമായ ചന്ദന്‍ ഷേരു സംഘമാണ് വെടിയുതിര്‍ത്തതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അടുത്തിടെയായി സംസ്ഥാനത്ത് ക്രമസമാധാനം അപകടാവസ്ഥയിലാണ്. ഈ മാസം നാലിന് വ്യാപാരിയായ ഗോപാല്‍ ഖേംകയെ വെടിവച്ചുകൊന്നിരുന്നു. ഈ ആഴ്ച ആദ്യം സീതാമര്‍ഹിയിലെ വ്യാപാരി, പട്നയില്‍ കര്‍ഷകന്‍, അഭിഭാഷകന്‍ തുടങ്ങിയവരെയൊക്കെ ഗുണ്ടാസംഘം വെടിവച്ചുകൊന്നിരുന്നു. ബിഹാര്‍ ക്രൈം കാപ്റ്റലായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാ ദളും (ആര്‍ജെഡി), കോണ്‍ഗ്രസും ആരോപിച്ചു.

