തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആര്‍) ത്തിലൂടെ വോട്ടുവെട്ടല്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷ (ഇസിഐ)ന്റെ പക്ഷപാതിത്വങ്ങള്‍, പെരുമാറ്റച്ചട്ടലംഘനങ്ങള്‍, വിദ്വേഷ പ്രചരണങ്ങള്‍ എന്നിവയുടെ പിന്‍ബലത്തില്‍ ബീഹാറില്‍ എന്‍ഡിഎക്ക് ഭരണതുടര്‍ച്ച. ഇതിലൂടെ അഭിപ്രായ സര്‍വേകളെ പോലും മറികടന്നുള്ള പ്രകടനമാണ് സഖ്യം നടത്തിയത്.
243 അംഗ നിയമസഭയില്‍ എന്‍ഡിഎ സഖ്യത്തിന് 202 സീറ്റുകള്‍ ലഭിച്ചു. 90 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് 84 മണ്ഡലങ്ങളില്‍ വിജയിച്ചു. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 19 മണ്ഡലങ്ങളില്‍ വിജയം നേടി. ഇന്ത്യാസഖ്യത്തില്‍ ആര്‍ജെഡി 25 മണ്ഡലങ്ങളില്‍ വിജയിച്ചു. ദയനീയമായ പ്രകടനം കാഴ്ചവച്ച കോണ്‍ഗ്രസ് ഒറ്റ സംഖ്യയിലേക്ക് ഒതുങ്ങി.
ഇടതുപക്ഷത്ത് സിപിഐ (എംഎല്‍) രണ്ട് സീറ്റിലും സിപിഐ (എം) ഒരു സീറ്റിലും വിജയിച്ചു. ബാക്രി മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി സൂര്യകാന്ത് പാസ്വാന്‍ 71,602 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. തെഗ്ര, ബങ്ക, ഹാര്‍ലഖി മണ്ഡലങ്ങളിലും ജാന്‍ഹര്‍പൂരില്‍ രാം നാരായണ്‍ യാദവും രണ്ടാം സ്ഥാനത്താണ്.
എസ്ഐആറിലൂടെ 65 ലക്ഷത്തോളം വോട്ടുകളാണ് വെട്ടിയത്. കൂടാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചട്ടലംഘനമായിട്ടും നടപടിയെടുക്കാന്‍ ഇസിഐ തയാറായില്ല. ലക്ഷക്കണക്കിന് സ്ത്രീകളെ സ്വാധീനിക്കുവാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിലും 10,000 രൂപ നേരിട്ട് അക്കൗണ്ടുകളിലെത്തിക്കുകയും ചെയ്തു. ഇത്തരം ക്രമവിരുദ്ധ നടപടികള്‍ എന്‍ഡിഎ വിജയത്തിന് തുണയായി.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ റെക്കോര്‍ഡ് പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 71 ശതമാനം സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 1951ന് ശേഷം സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും ഉയര്‍ന്ന പോളിങാണ് ഈ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.
കോണ്‍ഗ്രസിന്റെ പിടിവാശികാരണം ഒറ്റക്കെട്ടായി മത്സരമെന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ഇന്ത്യ സഖ്യത്തിന് പോരായ്മകളുണ്ടായി. ചില മണ്ഡലങ്ങളില്‍ സൗഹാര്‍ദ മത്സരങ്ങളും നടന്നു. പ്രശാന്ത് കിഷോറിന്റെ ജന്‍സ്വരാജ് പാര്‍ട്ടിക്ക് വിജയം നേടാനായില്ലെങ്കിലും ചിലയിടങ്ങളില്‍ ബിജെപി വിരുദ്ധ വോട്ടു ഭിന്നിപ്പിക്കുന്നതിന് കാരണമായി. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ പരമാവധി സ്വതന്ത്രരെയും ചെറുകിട പാര്‍ട്ടികളെയും എല്ലാ മണ്ഡലങ്ങളിലും ഇറക്കി എന്‍ഡിഎ നടത്തിയ രാഷ്ട്രീയ തന്ത്രവും ഫലിച്ചുവെന്നാണ് വ്യക്തമാകുന്നത്.
ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടര്‍ച്ചയായി മൂന്നാം തവണയും രഘോപൂര്‍ സീറ്റില്‍ വിജയം നേടി. ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി താരാപ്പൂരിലും വിജയ് കുമാർ സിൻഹ ലഖിസരായിയിലും വിജയിച്ചു. ബിഹാർ സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്‍ രാജേഷ് കുമാര്‍ യാദവ് കറ്റൂംബ മണ്ഡലത്തില്‍ പരാജയപ്പെട്ടു. ആർജെഡിയിലെ മുതിർന്ന നേതാവും മുൻ നിയമസഭാ സ്പീക്കറുമായ ഉദയ് നാരായൺ ചൗധരി, കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ എന്നിവരും പരാജയപ്പെട്ടു,

