Site iconSite icon Janayugom Online

ബിജെപി ഭരണ സംസ്ഥാനങ്ങളിൽ കുറ്റവാളികൾ വിലസുന്നു

BJPBJP

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് വളരെ കുറവാണെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ. കുറ്റകൃത്യങ്ങള്‍ക്ക് കൃത്യമായ ശിക്ഷ ലഭിക്കുന്നതില്‍ മുന്നിലുള്ളത് കേരളമുള്‍പ്പെടെ പ്രതിപക്ഷം ഭരിക്കുന്ന ആറ് സംസ്ഥാനങ്ങള്‍. 96.7 ശതമാനം കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ട മിസോറാം ആണ് പട്ടികയിൽ മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 86.5 കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് എന്‍സിആര്‍ബി കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറ്റാരോപിതരുടെ വിചാരണയും ശിക്ഷയും ഉറപ്പാക്കാനും അതുവഴി ഇരകൾക്ക് നീതി ഉറപ്പാക്കാനും സംസ്ഥാനങ്ങൾ ശക്തമായ ശ്രമം നടത്തുന്നതനുസരിച്ചാണ് ഉയർന്ന ഐപിസി അനുസരിച്ചുള്ള ശിക്ഷാ നിരക്കുണ്ടാകുന്നത്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ശിക്ഷാ നിരക്ക് വളരെ കുറവാണ്. പൊലീസോ മറ്റ് അന്വേഷണ ഏജൻസികളോ രജിസ്റ്റർ ചെയ്ത മൊത്തം കേസുകളുടെ എണ്ണത്തെക്കാൾ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയാനുള്ള അളവുകോലായി ശിക്ഷാ നിരക്ക് കണക്കാക്കപ്പെടുന്നു.
മിസോറാമിനും കേരളത്തിനുമൊപ്പം ആന്ധ്രാപ്രദേശ് 84.7, തമിഴ്‌നാട് 73.3, നാഗാലാന്റ് 72.1, തെലങ്കാന 70.1 ശതമാനം എന്നിവയാണ് ഉയര്‍ന്ന ശിക്ഷാനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങള്‍. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലഡാക്കിൽ 91 ശതമാനവും ഡൽഹിയിൽ 86.6 ശതമാനവുമാണ് ശിക്ഷാ നിരക്ക്. ജമ്മു കശ്മീർ 77.3, പുതുച്ചേരി 74.7, ചണ്ഡീഗഡ് 67.9 എന്നിവയാണ് തൊട്ടുപിന്നിൽ.
ബിജെപി ഭരിക്കുന്ന അസം 5.6, അരുണാചൽ പ്രദേശ് 16.7, ഗോവ 19.8, ഗുജറാത്ത് 21.1, ഹിമാചൽ പ്രദേശ് 25.3 ശതമാനം എന്നിങ്ങനെയാണ് ശിക്ഷാനിരക്ക്. ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഒഡിഷ 5.7, പശ്ചിമ ബംഗാൾ 6.4, സിക്കിം 19.5 ശതമാനം എന്നിവ ഉൾപ്പെടുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കേസുകള്‍ കെട്ടിക്കിടക്കുന്നതും ഉയര്‍ന്ന തോതിലാണ്. ഉയർന്ന ശിക്ഷാനിരക്കുള്ള സംസ്ഥാനങ്ങളില്‍ പൊതുവേ കെട്ടിക്കിടക്കുന്ന കേസുകള്‍ കുറവായിരിക്കും. ബിഹാർ 99.4, പശ്ചിമ ബംഗാൾ 98.8, മണിപ്പുർ 98.7, ഒഡിഷ 98.7, അരുണാചൽ പ്രദേശ് 97.9, മേഘാലയ 97.3, ഹിമാചൽ പ്രദേശ് 96.9, അസം 96.5, ഉത്തരാഖണ്ഡ് 96.5 എന്നിങ്ങനെ കേസുകള്‍ കെട്ടിക്കിടക്കുകയാണ്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നത് ലക്ഷദ്വീപ് 99.5, ആന്റമാൻ നിക്കോബാർ ദ്വീപുകൾ 93.3 ശതമാനം എന്നിവയിലാണ്.

ഐപിസി ശിക്ഷാനിരക്ക് 57 ശതമാനം

അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഐപിസി അനുസരിച്ചുള്ള ശിക്ഷാ നിരക്ക് 57 ശതമാനമാണ്. 11,86,377 കേസുകളിൽ വിചാരണ പൂർത്തിയായതായും 1,44,44,079 കേസുകൾ കോടതികളിൽ കെട്ടിക്കിടക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊലപാതകം, കൊലപാതകശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, സ്ത്രീകൾക്കെതിരായ ആക്രമണം, ലൈംഗികാതിക്രമം, ആസിഡ് ആക്രമണം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾ ഐപിസി അനുസരിച്ചാണ് രജിസ്റ്റര്‍ ചെയ്യുന്നത്. 

Eng­lish Sum­ma­ry: In BJP-ruled states, crim­i­nals are rarely punished

You may like this video also

Exit mobile version