Site iconSite icon Janayugom Online

ചേലക്കരയിൽ യു ആർ പ്രദീപിന്റെ ലീഡ് നില 11,000 കടന്നു

വോട്ടെണ്ണൽ പതിനൊന്നാം റൗണ്ട് പിന്നിടുമ്പോൾ വിജയമുറപ്പിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് . 11362 വോട്ടുകൾക്ക് എൽ ഡി എഫ് ലീഡ് ചെയ്യുന്ന ചേലക്കരയിൽ യുഡിഎഫിലെ രമ്യ ഹരിദാസാണ് പിന്നിൽ. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിക്കുകയാണ് ചേലക്കര. യു ആർ പ്രദീപ് വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ലീഡ് നില വർധിപ്പിച്ചിരുന്നു. 

ഒരു ഘട്ടത്തിൽ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ലീഡ് ചെയ്തിട്ടില്ല. ഇടത്പക്ഷ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തിയായിരുന്നു ചേലക്കരയിൽ എൽ ഡി എഫ് ന്റെ പ്രചാരണം. ഇത് ജനങ്ങൾ മനസിലാക്കിയതിന്റെ തെളിവ് കൂടിയാണ് ഈ മുന്നേറ്റം.ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്നത്. മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ്‌ കൂടിയായിരുന്നു ഇത്‌. 72.77 ശതമാനം പോളിങ്ങാണ്‌ രേഖപ്പെടുത്തിയത്‌. 1,55,077 പേർ വോട്ട് ചെയ്‌തപ്പോൾ ബൂത്തിലേക്കെത്തിയത്‌ കൂടുതലും സ്‌ത്രീകളായിരുന്നു. വോട്ട്‌ ചെയ്തവരിൽ 82,757 സ്‌ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടും. 2021ൽ 77.40 ശതമാനമായിരുന്നു പോളിങ്.

Exit mobile version