Site iconSite icon Janayugom Online

ഡൽഹിയിൽ മകൻ പിതാവിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി

ഡൽഹിയിലെ പഹർഗഞ്ചിൽ മകൻ പിതാവിനെ കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. അംബേദ്കർ ഭവന് സമീപം വിനോദാണ് കൊല്ലപ്പെട്ടത്. വിനോദിനെ മകൻ ഭാനുപ്രതാപ്, വീടിന് സമീപമുള്ള പാർക്കിൽ വച്ച് മർദിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഭാനു പിതാവിനെ നിലത്തേക്ക് തള്ളിയിട്ട ശേഷം കല്ലുകൊണ്ട് തലയിലും നെഞ്ചിലും പലതവണ ഇടിച്ചതായും സാക്ഷികൾ പറഞ്ഞു. 

ഗുരുതരമായി പരിക്കേറ്റ വിനോദ് തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് തൻറെ സഹോദരിയെ വിളിച്ച് ആക്രമണ വിവരം അറിയിക്കുകയുമായിരുന്നു. വൈദ്യസഹായം ലഭിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ വിനോദ് മരണപ്പെടുകയായിരുന്നു. 

പഹർഗഞ്ച് പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാനു പ്രതാപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു. കുടുംബതർക്കങ്ങൾ മൂലം പിതാവുമായി അടിക്കടി വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നുവെന്നും അയാൾ പൊലീസിനോട് പറഞ്ഞു. 

രൂക്ഷമായ വാക്ക് തർക്കത്തിനിടെയാണ് ആക്രമണം ഉണ്ടായതെന്നും പെട്ടെന്നുള്ള പ്രകോപനത്തിലാണ് കൃത്യം ചെയ്തതെന്നും ഭാനു പറഞ്ഞതായി പൊലീസ് അറിയിച്ചു. 

Exit mobile version