Site iconSite icon Janayugom Online

ഇന്ത്യയില്‍ 11 ലക്ഷം കുട്ടികള്‍ക്ക് അഞ്ചാംപനി വാക്സിന്‍ ലഭിച്ചില്ല

ഇന്ത്യയില്‍ 11 ലക്ഷത്തിലധികം കുട്ടികള്‍ 2022ല്‍ മീസില്‍സ് അഥവാ അഞ്ചാംപനി പ്രതിരോധകുത്തിവയ്പ് എടുത്തിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. വാക്സിനേഷനിലുണ്ടായ കുറവിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള അഞ്ചാംപനി മരണങ്ങളുടെ എണ്ണം 43 ശതമാനം വർധിച്ചതായും റിപ്പോര്‍ട്ട്.

കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണ് അഞ്ചാം പനി. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഒരു വര്‍ഷം 25 ലക്ഷം കുട്ടികളെ ഈ രോഗം ബാധിക്കുന്നുണ്ട്. ഉയര്‍ന്ന പകര്‍ച്ചാസാധ്യതയുള്ള അഞ്ചാംപനി തടയുന്നതില്‍ പ്രതിരോധ കുത്തിവയ്പ്പ് അനിവാര്യമാണ്. ഇന്ത്യയില്‍ 11 ലക്ഷത്തിലധികം കുട്ടികള്‍ക്ക് 2022ല്‍ ആദ്യ ഡോസ് കുത്തിവയ്പ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയും യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷനും നടത്തിയ പഠനത്തില്‍ പറയുന്നു.

194 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യക്ക് പുറമെ നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, പാകിസ്ഥാൻ, അംഗോള, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബ്രസീല്‍, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളും മീസില്‍സ് വാക്സിന്‍ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. ആഗോളതലത്തില്‍ 33 ദശലക്ഷം കുട്ടികൾക്ക് ഇപ്പോഴും അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ് ലഭിച്ചിട്ടില്ലെന്നാണ് കണക്ക്. ഏകദേശം 22 ദശലക്ഷത്തോളം പേർക്ക് ആദ്യ ഡോസ് ലഭിച്ചില്ല, കൂടാതെ 11 ദശലക്ഷം പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചില്ല. വാക്സിനേഷനിലെ കുറവ് അ‌ഞ്ചാംപനി നിര്‍മ്മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യം ഏറെ വിദൂരമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

2022ൽ ആഗോളതലത്തിൽ 1,36,000 മീസിൽസ് മരണങ്ങളുണ്ടായി. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. ലോകമെമ്പാടുമുള്ള അഞ്ചാംപനി കേസുകളുടെ എണ്ണം 18 ശതമാനം ഉയര്‍ന്നിട്ടുമുണ്ട്. 2022ൽ 37 രാജ്യങ്ങളിൽ വിനാശകരമായ തരത്തില്‍ മീസിൽസ് പൊട്ടിപ്പുറപ്പെട്ടു. 2021ല്‍ ഇത് 22 രാജ്യങ്ങളിലായിരുന്നു. അതേസമയം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നിഷേധിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രംഗത്തെത്തി. ഹെൽത്ത് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം(എച്ച്എംഐഎസ് ) കണക്കുകള്‍ പ്രകാരം 2.63 കോടി കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്. വാക്സിനേഷന്‍ കവറേജ് വര്‍ധിപ്പിക്കുന്നതിനായി 2021 ലും 2022ലും മിഷന്‍ ഇന്ദ്രധനുഷ് 3.0, 4.0 തീവ്ര യജ്ഞങ്ങള്‍ സംഘടിപ്പിച്ചിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. 

Eng­lish Summary:In India, 11 lakh chil­dren did not receive the measles vaccine
You may also like this video

Exit mobile version