Site iconSite icon Janayugom Online

ജയ്പൂരിൽ ക്ഷേത്രം തകർത്തതിൻറെ പേരിൽ പ്രതിഷേധം ശക്തം; പെട്രോൾ പമ്പിന് തീയിട്ട് ജനക്കൂട്ടം

ജയ്പൂരിൽ ടോങ്ക് റോഡിലെ തേജാജി ക്ഷേത്രം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ അംഗങ്ങളും നാട്ടുകാരും ചേർന്ന് ശനിയാഴ്ച വൻ പ്രതിഷേധം നടത്തിയതായി പോലീസ് പറഞ്ഞു. ഒരു കൂട്ടം ആളുകൾ പെട്രോൾ പമ്പിന് തീയിടാൻ ശ്രമിച്ചതിനെ തുടർന്ന് കുറഞ്ഞത് 20 പേരെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാർ മൂന്ന് മണിക്കൂറോളം ടോങ്ക് റോഡ് ഉപരോധിച്ചു.

അതേസമയം ഇന്നലെ തേജാജി ക്ഷേത്രത്തിനുള്ളിൽ കയറി വിഗ്രഹം നശിപ്പിച്ചയാളെ കണ്ടെത്തിയതായി ഡിസിപി തേജസ്വിനി ഗൌതം പറഞ്ഞു. നിലവിൽ രാജാപാർക്കിൽ താമസിച്ചു വരുന്ന ബിക്കാനിർ സ്വദേശിയായ സിദ്ധാർത്ഥ് സിംഗ്(34) ആണ് പ്രതി. 

ഇന്നലെ രാത്രി സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇയാൾ ക്ഷേത്രത്തിന് സമീപം വണ്ടി നിർത്തുകയും സാമ്പത്തിക ബാധ്യതകളിലുള്ള കോപം മൂലം വിഗ്രഹം നശിപ്പിക്കുകയുമായിരുന്നുവെന്ന് ഡിസിപി പറഞ്ഞു. സമീപത്തുണ്ടായിരുന്ന സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

ഇന്ന് രാവിലെ നാശം സംഭവിച്ച വിഗ്രഹം കണ്ടതോടെ ജനങ്ങൾ കോപാകുലരാകുകയായിരുന്നുവെന്ന് എസിപി വിനോദ് ശർമ പറഞ്ഞു. ഇതോടെ രണ്ട് ഹിന്ദു സംഘടനകളിലെ അംഗങ്ങളും നാട്ടുകാരും ചേർന്ന് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ ടയറുകൾ കത്തിക്കുകയും, തിരക്കേറിയ ദേശീയ പാതയായ ടോങ്ക് റോഡ് ഉപരോധിക്കുകയുമായിരുന്നു. കൂടാതെ സമീപത്തുണ്ടായിരുന്ന പെട്രോൾ പമ്പും ജനക്കൂട്ടം തീയിട്ടു. 

Exit mobile version