കൊല്ലത്ത് അമ്മയേയും കുഞ്ഞിനെയും ഭര്‍തൃവീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ ഭർത്താവ് പ്രതീഷ് ലാൽ, അമ്മായി അമ്മ അജിതകുമാരി, ഭർതൃ സഹോദരി പ്രസീത എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊട്ടിയം പൊലീസ് കേസെടുത്തിരുന്നു. ഇന്ന് അറസ്റ്റുണ്ടായേക്കും.
തഴുത്തല പികെ ജങ്ഷൻ ശ്രീനിലയത്തിൽ ഡിവി അതുല്യക്കും മകനുമാണ് ദുരനുഭവമുണ്ടായത്. യുവതിക്കും കുഞ്ഞും ഗേറ്റിനു പുറത്ത് രാത്രി മുഴുവന്‍ പെരുവഴിയില്‍ കഴിയുകയായിരുന്നു. സ്‌കൂളിൽ പോയ യുണിഫോം പോലും മാറാതെ വീട്ടുപടിക്കൽ നിൽക്കേണ്ട ഗതികേടിലായിരുന്നു അഞ്ചു വയസുകാരനായ മകനും. സ്ത്രീധന പീഡനം, ബാലനീതി വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്നലെ ഉച്ചയോടെ പൊലീസ് യുവതിയുടെ മൊഴിയെടുത്തത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ വിഷയത്തിൽ ദേശീയ, സംസ്ഥാന വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപ്പെട്ടിരുന്നു. 100 പവൻ സ്വര്‍ണവും പണവും സ്ത്രീധനായി നൽകിയിട്ടും ഭര്‍ത്താവും അമ്മായി അമ്മയും ഭര്‍തൃ സഹോദരിയും ചേര്‍ന്ന് കൂടുതൽ പണം കൊണ്ടുവരാൻ ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് അതുല്യയുടെ പരാതിയിൽ പറയുന്നത്.
English Summary:in-laws may be arrested today in the case of throwing the mother and child out of the house
You may also like this video