ഉരുൾ പൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിലും ചൂരൽ മലയിലും ഓർമ്മ പുതുക്കി നാടാകെ എത്തിയപ്പോൾ എങ്ങും നെഞ്ചുലക്കുന്ന കാഴ്ചകൾ. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ചൂരൽമല സ്കൂളിലെ വിദ്യാർത്ഥികളുടെ ഓർമയിൽ അധ്യാപകർ എത്തിയപ്പോൾ അത് നെഞ്ചുലക്കുന്ന കാഴ്ചയായി. ദുരന്തത്തിൽ മരിച്ച കുട്ടികളുടെ ചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാഞ്ജലി നടത്തിയ അധ്യാപകർ വിതുമ്പി. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയും പുഷ്‌പാഞ്ജലി അർപ്പിക്കാനെത്തി. മുണ്ടക്കൈ-ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരിച്ചവരെ സംസ്കരിച്ച സ്‌മൃതി മണ്ഡപത്തിലും ജനം ഓർമകളുമായെത്തി. രാവിലെ മുതൽ തന്നെ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. വളരെ വൈകാരികമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങൾക്ക് മുന്നിൽ തേങ്ങിക്കരഞ്ഞാണ് പലരും നിന്നത്. ആർക്കും ആശ്വാസം നൽകാനാവാത്ത കാഴ്ചകളാണ് എങ്ങും കാണാനാവുന്നത്.
മുണ്ടക്കൈയിലും ചൂരൽ മലയിലും ഓർമ്മ പുതുക്കി നാടാകെ; എങ്ങും നെഞ്ചുലക്കുന്ന കാഴ്ചകൾ

