പാലക്കാട് നഗരസഭയിൽ സി കൃഷ്ണകുമാർ പക്ഷത്തെ വെട്ടിനിരത്തി പി സ്മിതേഷ് ബിജെപി ചെയർമാൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
കൃഷ്ണകുമാർ വിരുദ്ധപക്ഷക്കാരനാണ് സ്മിതേഷ്. കൃഷ്ണകുമാർ പക്ഷം സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഇത്തവണ സ്മിതേഷിന് സീറ്റ് നൽകിയത്. കൃഷ്ണകുമാറിന്റെ നോമിനി ഇ കൃഷ്ണദാസിനെ പരിഗണിച്ചില്ല. നിലവിൽ ബിജെപി പാലക്കാട് ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറിയായ പി സ്മിതേഷ് മുരുകനി വാർഡിൽ നിന്നാണ് വിജയിച്ചത്. ടി ബേബിയാണ് വൈസ് ചെയർപേഴ്സൺ സ്ഥാനത്ത്.
മുൻ വൈസ് ചെയർമാനും ബിജെപി സംസ്ഥാന ട്രഷററുമായ ഇ കൃഷ്ണദാസിനെ ചെയർമാൻ സ്ഥാനത്ത് എത്തിക്കാനുള്ള സി കൃഷ്ണകുമാറിന്റെ നീക്കമാണ് പാളിയത്. അതേസമയം പാലക്കാട് നഗരസഭയിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ഇല്ല. 25 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. യുഡിഎഫ് പതിനെട്ടും എൽഡിഎഫ് ഒമ്പത്ം വാർഡുകളില്‍ വിജയിച്ചിട്ടുണ്ട്. ഒരു വാർഡില്‍ കോൺഗ്രസ് വിമതനായി മത്സരിച്ചതിനെ തുടർന്ന് പാർട്ടി നടപടി എടുത്ത് പുറത്താക്കിയ എച്ച് റഷീദും വിജയിച്ചു.

