Site iconSite icon Janayugom Online

കിഫ്ബിയുടെ തണലിൽ ; മന്ത്രി കെ രാജൻറെ ഒല്ലൂർ മണ്ഡലം വികസനക്കുതിപ്പ് തുടരുന്നു

കിഫ്ബിയുടെ വികസന പദ്ധതികളുടെ ഗുണങ്ങൾ ഏറ്റവുമധികം ലഭിച്ച നിയോജക മണ്ഡലങ്ങളിലൊന്നാണ് ഒല്ലൂർ. റവന്യൂ മന്ത്രി കെ രാജൻറെ മണ്ഡലമായി ഇവിടെ വികസന പദ്ധതികൾ എത്തിയിട്ടില്ലാത്ത സ്ഥലങ്ങൾ വിരളമാണെന്ന് തന്നെ പറയാം. പശ്ചാത്തല വികസനത്തിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളുടെ കാലമാണ് കഴിഞ്ഞ 9 വർഷം കൊണ്ട് ഒല്ലൂരിന് ലഭിച്ചത്. ടൂറിസത്തെ ലോകോത്തര നിലവാരത്തിലെത്തിച്ച പുത്തൂർ സുവോളജിക്കൽ പാർക്ക് കിഫ്ബിയുടെ വികസന പദ്ധതികളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്. പശ്ചാത്തല സൌന്ദര്യ വികസന രംഗത്തെ ഐതിഹാസിക മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു ഇത്. കിഫ്ബിയുടെ സഹായത്തോടെ മണ്ഡലത്തിലെ ഏല്ലാ പിഡബ്ല്യുഡി റോഡുകളും ബിഎംബിസി ആക്കാനും സാധിച്ചു.

 

നെടുമ്പുഴ മേൽപ്പാലം ഉൾപ്പെടെ മണ്ഡലത്തിൻറെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും പ്രധാനപ്പെട്ട നാല് പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചതും എൽഡിഎഫ് സർക്കാരിൻറെ കാലത്താണ്. മൊത്തം 560 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബി ഒല്ലൂർ നിയോജക മണ്ഡലത്തിനായി നീക്കിവച്ചത്. ഒരു പക്ഷേ കിഫ്ബി വികസന ഫണ്ട് ഏറ്റവും കൂടുതൽ ലഭ്യമായ ഒരു നിയോജ മണ്ഡലവും ഒല്ലൂർ ആണെന്ന് പറയാം. കണ്ണാറയിലെ ബനാന ആൻഡി ഹണി പാർക്കിൻറെ നിർമ്മാണത്തിനായി 24 കോടി രൂപയാണ് കിഫ്ബി വകയിരുത്തിയത്. ഇവിടുത്തെ ഏതാണ്ട് എല്ലാ സ്കൂളുകളുടെയും വികസന പ്രവർത്തനങ്ങൾക്കായി കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്. പൂത്തൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് 6 കോടി രൂപയും, പീച്ചി ഗവ.ഹയർസെക്കണ്ടറി സ്കൂളിന് 3 കോടിയും, പീച്ചി എൽപി സ്കൂളിന് ഒരു കോടി രൂപയും, മൂർക്കനിക്കര ഗവ.യുപി സ്കൂളിന് 3 കോടി രൂപയും, ഒല്ലൂർ സ്കൂൾ നിർമ്മാണത്തിന് 4 കോടിയും, പട്ടിക്കാട് ഗവ.എൽപി സ്കൂളിന് 1 കോടിയും, ആശാരിക്കാട് എൽപി സ്കൂളിന് 1 കോടി രൂപയും, നെടുപുഴ ജെബിഎൽ എൽപി സ്കൂളിന് 1 കോടി, പട്ടിക്കാട് ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ 4 കോടി, കട്ടിലപൂവം സ്കൂൾ 1 കോടി, അഞ്ചേരി ഗവ. സ്കൂളിന് 1 കോടി രൂപയും കിഫ്ബി ഫണ്ട് ലഭിച്ചിട്ടുണ്ട്.

റോഡ് വികസനത്തിലും അതിശയകരമായ വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിലുണ്ടായത്. ശ്രീധരി പാലത്തിനും അനുബന്ധ റോഡ് നിർമ്മാണത്തിനുമായി 10 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. നെടുപുഴ റയിൽവെ മേൽപ്പാലത്തിനായി 36 കോടി രൂപ അനുവദിച്ചു. മണ്ണുത്തി-എടക്കുന്നു റോഡ് നിർമ്മാണത്തിനായി 35 കോടി രൂപയാണ് കിഫ്ബി ഫണ്ട് ലഭിച്ചത്. പീച്ചി വാഴാനി ടൂറിസം കോറിഡോർ റോഡ് വികസനത്തിനായി 65 കോടി രൂപ ലഭിച്ചു. കണ്ണാറ മൂർക്കിനിക്കര റോഡ്-36 കോടി, നെടുപുഴ‑പടിഞ്ഞാറേ കോട്ട റോഡ്- 18 കോടി, എന്നിങ്ങനെയാണ് മറ്റ് റോഡുകൾക്ക് ലഭിച്ച കിഫ്ബി ഫണ്ട്.

Exit mobile version