Site iconSite icon Janayugom Online

സംസ്ഥാനത്ത് 83 ശതമാനം പേർ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി

സംസ്ഥാനത്ത് 83 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിന്‍ നൽകിയതായി ആരോഗ്യവകുപ്പ്. എന്നാൽ കാസർകോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകൾ സംസ്ഥാന ശരാശരിക്കും താഴെയാണ്. കുട്ടികളുടെ വാക്സിനേഷനിൽ സംസ്ഥാന ശരാശരി 66 ശതമാനമാണ്. എന്നാൽ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വാക്സിനേഷൻ ശരാശരി സംസ്ഥാന ശരാശരിയേക്കാൾ കുറവാണ്.

കുട്ടികളുടെ വാക്സിനേഷൻ, രണ്ടാം ഡോസ് വാക്സിനേഷൻ എന്നിവ സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ജില്ലകൾ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തണം. ഡയാലിസിസ് ആവശ്യമുള്ള കോവിഡ് രോഗികൾക്ക് എല്ലാ ജില്ലകളിലും സൗകര്യങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. സെക്രട്ടേറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയുന്നത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഇ ജാഗ്രതാ പോർട്ടലിൽ വിവരങ്ങൾ സമയബന്ധിതമായി നൽകേണ്ടത് വളരെ പ്രധാനമാണെന്നും ഓക്സിജൻ വിവരങ്ങൾ, കിടക്കയുടെ ലഭ്യത എന്നിവ ആശുപത്രികൾ സമയബന്ധിതമായി നൽകണമെന്നും യോഗം വിലിയിരുത്തി. സെക്രട്ടറിയേറ്റിൽ ഇ ഓഫീസ് സംവിധാന 25 മുതൽ 30 വരെ നവീകരിക്കുന്നതിനാൽ സമാന്തര സംവിധാനം ഏർപ്പെടുത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു.

ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിൻ നടപ്പിലാക്കും

കോവിഡ് വ്യാപന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിൻ നടപ്പിലാക്കും. ജനുവരി 26 ന് ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കും. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ, മുതിർന്ന പൗരന്മാർ, കുട്ടികൾ എന്നിവർക്കുള്ള നിർദ്ദേശങ്ങൾ, കോവിഡുമായി ബന്ധപ്പെട്ട മറ്റു പ്രധാന നിർദ്ദേശങ്ങൾ എന്നിവ നൽകുന്ന പരിപാടിയിൽ റസിഡന്റ്സ് അസോസിയേഷനുകളോടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോടും പങ്കെടുക്കണം. കോവിഡ് രോഗികളെ പ്രവേശിപ്പിക്കാത്ത സ്വകാര്യ ആശുപത്രി അധികൃതരെ വിളിച്ച് സംസാരിക്കണം.

ടെസ്റ്റുകൾ പരമാവധി ലാബുകളെ ആശ്രയിച്ച് നടത്തണമെന്നും പരിശീലനമില്ലാതെ വീടുകളിൽ സ്വയം നടത്തുന്ന ടെസ്റ്റ് തെറ്റായ ഫലത്തിലേക്ക് നയിക്കുന്നുണ്ടെന്നും അവലോകന യോഗം വിലയിരുത്തി. സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളെ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുമതി നൽകുവാനും തീരുമാനമെടുത്തു.

ENGLISH SUMMARY:In the state, 83 per cent peo­ple have com­plet­ed vaccination
You may also like this video

Exit mobile version