Site iconSite icon Janayugom Online

തൃശൂരിൽ കോൺഗ്രസ് നേതാക്കൾ പണം വാങ്ങി മേയർ പദവി വിറ്റു; പിന്നിൽ കെ സി വേണുഗോപാൽ ഗ്രൂപ്പെന്നും ലാലി ജെയിംസ്

തൃശൂരിൽ കോൺഗ്രസ് നേതാക്കൾ പണം വാങ്ങി മേയർ പദവി വിറ്റുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും കൗൺസിലറുമായ ലാലി ജെയിംസ്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടു. തന്നെ പാർട്ടി മേയർ സ്ഥാനത്ത് പരിഗണിക്കാത്തത് പണം നൽകാൻ ഇല്ലാത്തത് കൊണ്ടാണെന്നും ലാലി പറഞ്ഞു. വൈറ്റ് കോളറായി കടന്ന് വന്നതല്ലാതെ പാർട്ടിയുടെ ഒരു സമരമുഖങ്ങളിലും നിജി ജസ്റ്റിൻ ഉണ്ടായിരുന്നില്ല.

പാർട്ടി തന്നെ തഴഞ്ഞതിൽ കടുത്ത വേദനയുണ്ടെന്നും ലാലി ജെയിംസ് പ്രതികരിച്ചു. കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേര് പറഞ്ഞിട്ടും നേതാക്കൾ തഴയുകയായിരുന്നു. ഒരു വർഷമെങ്കിലും മേയർ ആക്കുമോ എന്ന് താൻ ചോദിച്ചു. ഇടയ്ക്ക് ഒരു വർഷം നൽകാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ട. മേയർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇതുവരെയും പാർട്ടി വിപ്പ് കൈപ്പറ്റിയില്ലെന്നും ലാലി ജെയിംസ് പറ‍ഞ്ഞു. നാല് തവണ കൗൺസിലറായി വിജയിച്ച ലാലി ജെയിംസ് മേയർ ആകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. അവസാന നിമിഷമാണ് നിജി ജസ്റ്റിന്റെ പേര് നേതൃത്വം പരിഗണിച്ചത്.

വിജിലന്‍സ് അന്വേഷണം വേണം: സിപിഐ

മേയര്‍ സ്ഥാനത്തിനായി ഡിസിസി പ്രസിഡന്റ് കോഴ ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ പരസ്യപ്പെടുത്തിയ സാഹചര്യത്തില്‍, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സിപിഐ ജില്ലാ എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി സംവിധാനം ചലിപ്പിക്കുന്നതിന് പണം വേണമെന്നും മേയര്‍ പദവി ലഭിക്കുന്നതിന് പണം മുടക്കിയാല്‍ അഞ്ചുവര്‍ഷം കൊണ്ട് മുടക്കുമുതല്‍ അഴിമതിയിലൂടെ തിരികെ പിടിക്കാമെന്നും ഡിസിസി നേതൃത്വം തന്നോട് നേരില്‍ പറഞ്ഞതായി ലാലി വെളിപ്പെടുത്തിയിരുന്നു.

Exit mobile version