Site iconSite icon Janayugom Online

അപര്യാപ്തമായ കേന്ദ്ര സഹായം രാഷ്ട്രീയ വിവേചനത്തിന്റെ പ്രത്യക്ഷോദാഹരണം: ബിനോയ് വിശ്വം

ഒരു കൊല്ലത്തിലധികമായ കാത്തിരിപ്പിന് ശേഷം ബിജെപി സർക്കാർ വയനാടിന് വച്ചു നീട്ടുന്ന ‘സഹായം’ രാഷ്ട്രീയ വിവേചനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളം ആവശ്യപ്പെട്ടത് 2221 കോടി രൂപയാണെന്നിരിക്കെ കേന്ദ്രം നൽകുന്നത് കേവലം 260 കോടി രൂപ മാത്രമാണ്. തകർന്നടിഞ്ഞ മുണ്ടക്കൈ — ചൂരൽമല ഗ്രാമങ്ങളുടെ വീണ്ടെടുപ്പിന് 2221 കോടി രൂപയെങ്കിലും വേണമെന്നിരിക്കെയാണ് ഇത്രയും തുച്ഛമായ സംഖ്യയുടെ പേരിൽ ബിജെപി മേനി നടിക്കാൻ ശ്രമിക്കുന്നത്. ഇത് കേരള ജനതയോട് ബിജെപി ഭരണകൂടം എന്നും വച്ചുപുലർത്തുന്ന ദേശവിരുദ്ധ സമീപനത്തിന്റെ ഭാഗമല്ലെങ്കിൽ മറ്റെന്താണെന്ന് ബിനോയ് വിശ്വം ചോദിച്ചു.

സഹായവിതരണത്തിൽ കേരളത്തിനോടും അസമിനോടും കൈക്കൊണ്ട വ്യത്യസ്ത സമീപനങ്ങൾ കേരളത്തിലെ ബിജെപി അനുഭാവികളുടെ തന്നെ കണ്ണുതുറപ്പിക്കും. കേരളം ചോദിച്ച സഹായധനം വെട്ടിക്കുറയ്ക്കരുതെന്ന് കേന്ദ്ര ഗവൺമെന്റിനോട് പറയാൻ കേരളത്തിലെ ബിജെപി നേതാക്കൾക്ക് നാവുണ്ടോ എന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്. കേരളത്തിന് അർഹതപ്പെട്ട കേന്ദ്ര സഹായത്തിനു വേണ്ടി സമരം ചെയ്യാൻ ബിജെപി സന്നദ്ധമാണോ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആരാഞ്ഞു.

Exit mobile version