Site icon Janayugom Online

‘കാർട്ടൂൺമാൻ ജൂൺ 2’: മെയ് 14 മുതല്‍ ജൂണ്‍ രണ്ടുവരെ നീണ്ടു നീല്‍ക്കുന്ന ബാദുഷ അനുസ്മരണ പരിപാടികൾക്ക് സമാരംഭം

cartoon

വേഗ വരകളിലൂടെ ഇന്ദ്രജാലം തീര്‍ത്തിരുന്ന കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ കൈവിരലുകള്‍ നിത്യതയില്‍ വിലയം പ്രാപിച്ചിട്ടു വരുന്ന ജൂണ്‍ രണ്ടിന് ഒരു വര്‍ഷം തികയുകയാണ്. ബാദുഷയുടെ വേഗ ചലനങ്ങളുടെ അലയൊലി തുടരുന്ന കാഴ്ചയാണ് ഇന്നലെ കൊച്ചി പനമ്പിള്ളി നഗര്‍ ലോറം അങ്കണത്തില്‍ നടന്ന “കാര്‍ട്ടൂണ്‍മാന്‍ ജൂണ്‍ 2” എന്ന മേയ് 14 മുതല്‍ ജൂണ്‍ 2 വരെ നീണ്ടു നീല്‍ക്കുന്ന ബാദുഷ അനുസ്മരണ പരിപാടികളുടെ തുടക്കമായ “ഹെവൻലി ആർട്ടിസ്റ്റ് ഫോർ ദി ഡിവൈൻ ചിൽഡ്രൺ” അഥവാ “ദൈവിക കുഞ്ഞുങ്ങള്‍ക്കായി സ്വര്‍ഗ്ഗീയ കലാകാരന്‍” എന്ന പരിപാടിയില്‍ ദൃശ്യമായത്. 

ബാദുഷയുടെ മാതാവും പ്രിയതമയും കുട്ടികളും സഹോദരനും കുടുംബവും കൂട്ടുകാരും അടങ്ങിയ വേദിയില്‍ പ്രശസ്തരായ പത്തു ചിത്രകാരന്മാര്‍ ബാദുഷയുടെ മകന്‍ ഫനാന്‍ ബാദുഷ ഉള്‍പ്പെടെയുള്ള പുതു നാമുകളുമൊത്ത് ചേര്‍ന്ന് ഇരുപതടി നീളവും അഞ്ചടി വീതിയുമുള്ള ബിഗ്‌ കാന്‍വാസില്‍ ഭിന്നശേഷിയുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഡൂഡിൽ വിസ്മയം തീര്‍ക്കുമ്പോള്‍ ദൃശ്യമായത് കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ ദ്രുതചലനങ്ങള്‍ തന്നെയാണ്. ഇതിനെല്ലാം സാക്ഷിയാകാനും ബാദുഷ അനുസ്മരണത്തിനു തുടക്കം കുറിക്കുവാനും എറണാകുളം എംഎല്‍എ ടി ജെ വിനോദും മുഖ്യാതിഥിയായി നിയമജ്ഞനും മുന്‍ റിട്ടയേഡ് ജില്ലാ ജഡ്ജും കേരള ജുഡീഷ്യല്‍ അക്കാദമി ഡയറക്ടറുമായിരുന്ന കെ സത്യനും ഒത്തു ചേര്‍ന്നപ്പോള്‍ ബാദുഷ അനുസ്മരണത്തിന്‍റെ സമാരംഭം പ്രൌഡോജ്ജ്വലമായി.
കുരുന്നുകളെ, പ്രത്യേകിച്ച് വൈശിഷ്ട്യമേറിയ കഴിവുകളുമായി ജനിക്കുന്ന ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ ഒത്തിരി സ്നേഹിക്കുകയും അവരുടെ വികാസത്തിനായി പ്രയത്നിക്കുകയും ചെയ്തിരുന്ന ഒരു കലാകാരനായിരുന്ന കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ ഓര്‍മ്മയ്ക്കായി അത്തരം കുരുന്നുകള്‍ക്കായുള്ള പ്രത്യേക പരിപാടിയാണ് മേയ് 14 ശനിയാഴ്ച കൊച്ചി പനമ്പിള്ളി നഗറില്‍ ലോറം അങ്കണത്തില്‍ അരങ്ങേറിയത്.

കൃതഹസ്തരായ ചിത്രകാരന്മാരായ ഷാനവാസ്‌ മുടിക്കൽ, ഹസ്സൻ കോട്ടേപ്പറമ്പിൽ, കുമാർ മുവാറ്റുപുഴ, ബഷീർ കീഴ്ശ്ശേരി, അസീസ് കരുവാരക്കുണ്ട്, ആർഎൽവി മജീഷ്, നിസാർ കാക്കനാട്, പ്രിൻസ് പൊന്നാനി, ഷൗക്കത്ത് പുലാമന്തോൾ, ശിവൻ നെയ്യാറ്റിൻകര എന്നീ കാർട്ടൂണിസ്റ്റുകൾക്കൊപ്പം ബാദുഷയുടെ മകൻ ഫനാൻ ബാദുഷ, ഷിഫിത ഗഫൂർ, റെന അഷ്‌റഫ്‌ തുടങ്ങിയ കുട്ടികളും ഡൂഡിൽ രചനയിൽ പങ്കെടുത്തു.

കാര്‍ട്ടൂണ്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയും കുട്ടികള്‍ക്കും,രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനും ലോറം വെല്‍നസ് കെയറിന്‍റെ സി എസ് ആര്‍ ഡിവിഷനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ സനു സത്യന്‍, കാര്‍ട്ടൂണ്‍മാന്‍ ജൂണ്‍ 2 ന്‍റെ കോര്‍ഡിനേറ്റര്‍ എ എ സഹദ് എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.ഫിലിം ആര്‍ട്ട് ഡയറക്ടര്‍ അസീസ്‌ കരുവാരക്കുണ്ടും ആര്‍ട്ടിസ്റ്റ് പ്രിന്‍സ്‌ പൊന്നാനിയും ചേര്‍ന്നാണ് രംഗവിതാനം ഒരുക്കിയത്.

ബിഗ്‌ കാന്‍വാസ് രചനയെത്തുടർന്ന് ഭിന്നശേഷിയുള്ള കുട്ടികൾക്കായി ആര്‍ട്ടിസ്റ്റ് ഷാനവാസ് മുടിക്കലിന്റെയും ആര്‍ട്ടിസ്റ്റ് ഹസ്സൻ കോട്ടേപ്പറമ്പിലിന്റെയും നേതൃത്വത്തിൽ കാർട്ടൂൺ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ചടങ്ങിൽ പെറ്റൽസ് ഗ്ലോബ് കോർഡിനേറ്റർ സനു സത്യൻ, എ എ സഹദ്, ലോറം വെല്‍നസ് കെയര്‍ സാരഥികളായ ആശിഷ് തോമസ്,ഡോ. നരേഷ് ബാബു, ഡോ. ജിൻസി സൂസൻ മത്തായി, ബോണി ജോണ്‍, ചിത്രകാരനും ക്യുറെറ്ററുമായ ആസിഫ് അലി കോമു, പെറ്റല്‍സ് ഗ്ലോബ് പ്രതിനിധികളായ സൗരഭ് സത്യന്‍, ഗഫൂർ, ബാദുഷയുടെ മാതാവ് ഫാത്തിമത്ത് സുഹറ, ഭാര്യ സഫീന, സഹോദരൻ സാബിർ എന്നിവർ സംസാരിച്ചു.

ഇത് കൂടാതെ “കാര്‍ട്ടൂണ്‍മാന്‍ ജൂണ്‍ 2” അനുസ്മരണ പരമ്പരയുടെ തുടര്‍ച്ചയായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയും പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനും ലേണ്‍വെയര്‍ കിഡ്സും ഒത്തുചേര്‍ന്ന് സംഘടിപ്പിക്കുന്ന ചിത്രരചന‑കാര്‍ട്ടൂണ്‍ മത്സരം, വിദ്യാര്‍ഥികള്‍ക്കായുള്ള കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ വര്‍ക്ക്ഷോപ്പ്‌, “ബാദുഷയെ വരയ്ക്കൂ” എന്നീ പരിപാടികളും ചരമ ദിനമായ ജൂണ്‍ രണ്ടിന് ബാദുഷ വരച്ച ചിത്രങ്ങളുടെയും ബാദുഷയെ പ്രശസ്ത കലാകാരന്മാര്‍ വരച്ച ചിത്രങ്ങളുടെയും പ്രദര്‍ശനവും നടക്കും. ജൂണ്‍ രണ്ടിന് കൊച്ചിയില്‍ നടക്കുന്ന സമാപന ചടങ്ങിന് കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, പ്രശസ്ത ചലച്ചിത്ര താരം സിദ്ധിക്ക് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ചിത്രരചന‑കാര്‍ട്ടൂണ്‍ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും ഇതേ വേദിയില്‍ നടക്കും.

Eng­lish Sum­ma­ry: Inau­gu­ra­tion of Badusha Remem­brance Program

You may like this video also

Exit mobile version