Site iconSite icon Janayugom Online

സിപിഐ നേതാക്കളെ മർദിച്ച സംഭവം;വൈക്കം സർക്കിൾ ഇൻസ്പെക്ടർ കെ ജെ തോമസിനെ സ്ഥലംമാറ്റി ഉത്തരവ്

വൈക്കത്ത് വഴിയോരകച്ചവട തൊഴിലാളി സമരത്തിൽ നേതൃത്വം നൽകിയ സിപിഐ നേതാക്കളെ മർദ്ദിക്കുകയും സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ സി കെ ആശ എംഎൽഎയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത വൈക്കം സർക്കിൾ ഇൻസ്പെക്ടർ കെ ജെ തോമസിനെ വൈക്കത്തുനിന്നും സ്ഥലം മാറ്റി ആഭ്യന്തരവകുപ്പ് ഉത്തരവ് ഇറക്കി. സംഭവത്തിൽ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി ബി ബിനു കോട്ടയം ജില്ലാ പൊലീസ് ചീഫിന് നൽകിയ പരാതിയിൽ ഡി വൈ എസ് പി സാജുവർഗീസിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു. സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി ഐ നേതൃത്വത്തിൽ വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് ബഹുജനമാർച്ചും നടത്തിയിരുന്നു.സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവിയാണ് സർക്കിൾ ഇൻസ്പെക്ടറെ സ്ഥലം മാറ്റി ഉത്തരവിറക്കിയത്. സർക്കിൾ ഇൻസ്പെക്ടർക്കെതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. സംഭവത്തിൽ സി കെ ആശ എംഎൽഎ നിയമസഭാ സ്പീക്കർക്കു നൽകിയ പരാതിയിലും അന്വേഷണം നടന്നുവരുകയാണ്. സർക്കിൾ ഇൻസ്പക്ടറെ സ്ഥലംമാറ്റിയ ആഭ്യന്തര വകുപ്പിന്റെ ഉത്തരവിനെ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി ബി ബിനു സ്വാഗതം ചെയ്തു.

Exit mobile version